Thursday, January 16, 2025
LATEST NEWSSPORTS

ഫിഫ ലോകകപ്പ് ഒരുക്കം 95 ശതമാനം പൂർത്തിയായതായി ഖത്തർ

ദോഹ: ഫിഫ ലോകകപ്പിന് നാല് മാസം മാത്രം ശേഷിക്കെ നിർമ്മാണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഫുട്ബോൾ ആരാധകരെ സ്വാഗതം ചെയ്യാൻ തെരുവുകളും പൊതു ഇടങ്ങളും ഏറ്റവും മനോഹരമാക്കുകയാണ് ലക്ഷ്യം. ലോകകപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ 95 ശതമാനവും പൂർത്തിയായതായി അധികൃതർ അറിയിച്ചിരുന്നു.

സ്റ്റേഡിയങ്ങളിലേക്കും പരിസര പ്രദേശങ്ങളിലേക്കും നയിക്കുന്ന റോഡുകളും ഏറെക്കുറെ പ്രവർത്തനക്ഷമമാണ്. റെസിഡൻഷ്യൽ ഏരിയകളിലെ നിർമ്മാണങ്ങളുടെയും അടിസ്ഥാന സൗകര്യ പദ്ധതികളുടെയും വികസനം അവസാന റൗണ്ട് തിടുക്കത്തിൽ പൂർത്തീകരിക്കുകയാണ്. സെപ്റ്റംബറിന് മുമ്പ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നിർദേശമുള്ളതിനാൽ കരാർ കമ്പനികൾ അതിവേഗ പാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയാണ്.

പദ്ധതികൾ പൂർത്തീകരിക്കാൻ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) കമ്പനികൾക്ക് നിശ്ചിത സമയപരിധി നൽകിയിട്ടുണ്ട്. രാവിലെ 10.00 മുതൽ 3.30 വരെ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ ഉളളതിനാൽ വൈകുന്നേരവും രാത്രിയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തും. സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അറിയാവുന്നതിനാൽ കമ്പനികൾ ഷിഫ്റ്റ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.