ഖത്തര്‍ അമീർ സ്ഥാനമേറ്റിട്ട് ഇന്ന് ഒൻപത് വർഷം
ദോഹ: ഭരണ മികവിന്റെ 9-ാം വാർഷിക നിറവിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. 2013 ജൂൺ 25നാണ് അമീർ തമീം ഖത്തർ ഭരണാധികാരിയായി ചുമതലയേറ്റത്.
അമീറിന്റെ ഭരണം പ്രതീക്ഷകൾക്കതീതമായ ഫലങ്ങൾ കൈവരിക്കുന്നതിനും വികസിത രാജ്യങ്ങൾക്കൊപ്പം എല്ലാ മേഖലകളിലും രാജ്യത്തെ മുൻ നിരയിലേക്ക് കൊണ്ടുപോകുന്നതിനും കാരണമായി. വെറും 9 വർഷത്തിനുള്ളിൽ , സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, കായിക രംഗങ്ങളിൽ ഉൾപ്പെടെ വലിയ പുരോഗതി കൈവരിക്കുകയും അന്തർ ദേശീയതലത്തിൽ വളർച്ചയുടെയും വികസനത്തിന്റെയും മാതൃകയാകാനും കഴിഞ്ഞു.
ആധുനിക ഖത്തറിന്റെ ശിൽപിയും പിതാവുമായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ പുരോഗമനപരവും പ്രബുദ്ധവുമായ ആശയങ്ങളുടെ തുടർച്ചയായി കൂടുതൽ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, കായിക നേട്ടങ്ങളും വിജയങ്ങളും മികവിന്റെ പാതയിൽ കൈവരിച്ചിട്ടുണ്ട്. അധികാരത്തിൽ വന്ന ദിവസം മുതൽ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും സാമ്പത്തിക വളർച്ചയും കൈവരിക്കുകയും ജനങ്ങളുടെ അന്തസ്സിനും അവകാശങ്ങൾക്കും അഭിലാഷങ്ങൾക്കും മുൻഗണന നൽകാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.