Sunday, December 22, 2024
LATEST NEWSTECHNOLOGY

വില പ്രഖ്യാപനം സെപ്റ്റംബർ 20ന് ; 53000 ബുക്കിംഗ് കടന്ന് ഗ്രാൻഡ് വിറ്റാര

മാരുതി സുസുക്കിയുടെ ചെറിയ എസ്യുവി ഗ്രാൻഡ് വിറ്റാരയ്ക്ക് ഇതുവരെ 53,000 ലധികം ബുക്കിംഗുകൾ ലഭിച്ചു. ഇതിൽ 22,000 എണ്ണം ശക്തമായ ഹൈബ്രിഡ് പതിപ്പിനുള്ളതാണെന്ന് മാരുതി അറിയിച്ചു. വില പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വാഹനത്തിന് നല്ല ബുക്കിംഗ് ലഭിക്കുന്നുണ്ട്. 

സെപ്റ്റംബർ 20ന് വാഹനത്തിന്‍റെ വില പ്രഖ്യാപിക്കുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. മാരുതി എസ്യുവിയുടെ ബുക്കിംഗിന് 11,000 രൂപയാണ് സ്വീകരിക്കുന്നത്. നെക്സ ഡീസൽഷിപ്പ് വഴിയോ ഓൺലൈനായോ പുതിയ എസ്യുവി ബുക്ക് ചെയ്യാം. വിറ്റാരയുടെ ബ്രാൻഡ് എഞ്ചിനീയറിംഗ് പതിപ്പായ ഹൈറൈഡറുടെ വില ടൊയോട്ട അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 15.11 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് ഉയർന്ന നാല് വേരിയന്‍റുകളുടെ വില.

പ്രീമിയം ബ്രാൻഡായ നെക്സയിലൂടെ വിൽപ്പനയ്ക്കെത്തുന്ന വാഹനമാണ് വിറ്റാര. സെൽഫ് ചാർജിംഗ് ശേഷിയുള്ള ഇന്‍റലിജന്‍റ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായാണ് മാരുതിയുടെ പുതിയ മോഡൽ വരുന്നത്. ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്ന 1.5 ലിറ്റർ ഹൈബ്രിഡ് എൻജിനും 21.11 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്ന 1.5 ലിറ്റർ നെക്സ്റ്റ്-ജെൻ കെ-സീരീസ് എഞ്ചിനുമാണ് ഇതിന് കരുത്തേകുന്നത്.