സെപ്റ്റംബർ 2ന് പ്രധാനമന്ത്രി കൊച്ചിയിൽ; ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറും
കൊച്ചി: സെപ്റ്റംബർ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തും. കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറും. കഴിഞ്ഞ മാസം വിക്രാന്ത് കമാൻഡിംഗ് ഓഫീസർ കൊമോഡോർ വിദ്യാധർ ഹാർക്കെ ഇന്ത്യൻ നേവിക്ക് വേണ്ടി കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്‍റെ സിഎംഡി മധു എസ് നായരിൽ നിന്ന് കപ്പൽ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകളിൽ ഒപ്പിടുകയും സ്വീകരിക്കുകയും ചെയ്തിരുന്നു.
കപ്പലിന്‍റെ പരീക്ഷണ സമുദ്ര യാത്രകൾ വിജയകരമായതിന് പിന്നാലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷമാണ് ഔദ്യോഗിക കൈമാറ്റ ചടങ്ങ് നടന്നത്. കഴിഞ്ഞ മാസം വരെ നിരവധി തവണ നടത്തിയ പരീക്ഷണ യാത്രകൾ വിജയകരമായിരുന്നു. കപ്പലിന്‍റെ എല്ലാത്തരം പ്രകടനങ്ങളും വിലയിരുത്തുകയും ഓരോ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. 1971 ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലിന്‍റെ പേരാണ് കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച ഈ കപ്പലിന് നൽകിയിരിക്കുന്നത്.