Tuesday, January 21, 2025
GULFLATEST NEWS

മന്ത്രവാദ സാമഗ്രികളുമായി യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാന്ത്രിക വസ്തുക്കളുമായി എത്തിയ യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. മന്ത്രത്തകിടുകൾ, മൃഗത്തൊലി കൊണ്ടു നിർമിച്ച ബ്രേസ്‌ലറ്റ്, മോതിരം തുടങ്ങിയവ വയറ്റിൽ കെട്ടിവച്ച നിലയിലായിരുന്നു. ആഫ്രിക്കയിൽ നിന്ന് എത്തിയ ഇയാളുടെ നടത്തത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെത്തിയത്. മന്ത്രവാദവും മറ്റും പരിശീലിക്കുന്നത് യുഎഇയിൽ ഗുരുതരമായ കുറ്റകൃത്യമാണ്.

2018 നും 2020 നും ഇടയിൽ ദുബായിൽ 68 കിലോയിലധികം മന്ത്രവാദം പിടികൂടിയതായി കസ്റ്റംസ് ഡയറക്ടർ പറഞ്ഞു. ഇതിൽ എല്ലുകൾ, രക്തം, മത്സ്യത്തിന്‍റെ മുള്ളുകൾ എന്നിവ ഉൾപ്പെടുന്നു. ‘കൺകെട്ട് മോഡലിൽ’ തട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

സാധനങ്ങൾ വാങ്ങിയശേഷം ഡ്യൂട്ടിഫ്രീ കൗണ്ടറിലെത്തിയ ഇന്ത്യക്കാരന്റെ പണം തട്ടിയതടക്കമുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പേഴ്‌സ് തുറന്നപ്പോൾ പിറകിൽ നിന്നിരുന്ന വിദേശി ഇന്ത്യൻ രൂപ കാണിച്ചു തരാമോ എന്ന് ചോദിച്ച് അത് വാങ്ങി തിരികെ നൽകി. അൽപം കഴിഞ്ഞ് പേഴ്സ് തുറന്ന് പണം നഷ്ടപ്പെട്ടതായി പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വിമാനത്താവളം വിടുന്നതിന് മുമ്പ് പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.