Friday, January 3, 2025
LATEST NEWS

പറമ്പിക്കുളം ഡാം ഷട്ടർ തകരാറായ സംഭവം; തമിഴ്നാടിന്റെ വീഴ്ചയെന്ന് ഡാം സുരക്ഷാ അതോറിറ്റി മുൻ ചെയർമാൻ

പാലക്കാട്: പാലക്കാട് പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാറിലായ സംഭവത്തില്‍ തമിഴ്നാടിന്റെ വീഴ്ചയെന്ന് ഡാം സുരക്ഷാ അതോറിറ്റി മുൻ ചെയർമാൻ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ. കൃത്യമായ പരിശോധന നടത്തുമെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. എന്നാൽ അറ്റകുറ്റപ്പണികളിൽ തമിഴ്നാടിന് വീഴ്ച പറ്റിയെന്ന് രാമചന്ദ്രൻ നായർ കുറ്റപ്പെടുത്തി.

ഇനി വെള്ളം ഒഴുകി പോകാതെ ഒന്നും ചെയ്യാൻ ആവില്ലെന്ന് അദ്ദേഹം പറഞ്ഞു. അണക്കെട്ടില്‍ കേരള ഡാം സേഫ്റ്റി അതോറിറ്റിയെ പരിശോധിക്കാൻ അനുവദിക്കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 10 വർഷം മുൻപ് വരെ പരിശോധന നടത്തിയിരുന്നു. കേരളത്തിലെ അണക്കെട്ടുകള്‍ സുരക്ഷിതമാണെന്നും ജസ്റ്റിസ് രാമചന്ദ്രൻ നായർ കൂട്ടിച്ചേര്‍ത്തു.