ഇന്ത്യയിൽ ഇതുവരെ വിതരണം ചെയ്തത് 200 കോടി കോവിഡ് വാക്സിനേഷൻ ഡോസുകൾ
ന്യൂഡൽഹി: ശനിയാഴ്ച വരെ ഇന്ത്യയിൽ 200 കോടി കോവിഡ് വാക്സിനേഷൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 18 മാസം കൊണ്ടാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. 2021 ജനുവരി 16 നാണ് ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിച്ചത്. ശനിയാഴ്ച രാത്രി വരെ 199.97 കോടി ഡോസ് വാക്സിനാണ് നൽകിയത്. ഇതിൽ 5.48 കോടി മുൻകരുതൽ ഡോസുകൾ ഉൾപ്പെടും.
രാജ്യത്തുടനീളമുള്ള 14,000 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ ഡ്രൈവ് നടക്കുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 17ന് 2.5 കോടി വാക്സിൻ ഡോസുകളാണ് നൽകിയത്. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം വാക്സിൻ ഡോസുകൾ നൽകുന്നത്. രാജ്യത്തെ 96 ശതമാനം ആളുകളും ഇതിനകം തന്നെ കോവിഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. 87 ശതമാനം പേരും രണ്ട് ഡോസുകളും പൂർത്തിയാക്കി. ലഭ്യമായ കണക്കുകൾ പ്രകാരം ലോകജനസംഖ്യയുടെ 62.1 ശതമാനം പേർക്കും വാക്സിൻ നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച, എല്ലാ വാക്സിൻ ഗുണഭോക്താക്കൾക്കും കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസും മുൻകരുതൽ ഡോസും തമ്മിലുള്ള ഇടവേള ഒൻപതിൽ നിന്ന് ആറ് മാസമായി ആരോഗ്യ മന്ത്രാലയം കുറച്ചിരുന്നു.