Friday, January 17, 2025
GULFLATEST NEWS

മറ്റ് ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് പ്രത്യേക വിസ സംവിധാനം നൽകാൻ സൗദി

റിയാദ്: മറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് സൗദി അറേബ്യ സന്ദർശിക്കാൻ പുതിയ വിസ സമ്പ്രദായം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് സൗദി. സൗദി അറേബ്യയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് ആണ് പുതിയ വിസ സമ്പ്രദായം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

രാജ്യം ടൂറിസം മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകുന്നുണ്ടെന്നും സൗദി അറേബ്യയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി ടൂറിസ്റ്റ് വിസ നൽകാൻ പദ്ധതിയിടുന്നുണ്ടെന്നും സിഎൻബിസി അറബിക് ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രി അഹ്മദ് അൽ ഖത്തീബ് പറഞ്ഞു. 2019 ൽ രാജ്യം ആരംഭിച്ച ടൂറിസ്റ്റ് വിസകൾ ഇപ്പോഴും നിലവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2021 ൽ രാജ്യത്തെത്തിയ പ്രവാസികളുടെ എണ്ണം 50 ലക്ഷമായിരുന്നു. 2019 ൽ ടൂറിസം മേഖലയിൽ 3 ശതമാനം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. എന്നാൽ 2030 ഓടെ ഇത് 10 ശതമാനമായി കൂട്ടാനാണ് ലക്ഷ്യം. രാജ്യത്തെ തൊഴിൽ മേഖലയിൽ 15 ശതമാനം വളർച്ചയുണ്ടായി. 2019-2022 കാലയളവിൽ 8,20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. 2030 ഓടെ 200 ബില്യൺ ഡോളറിലധികം ചെലവഴിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.