ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറച്ചുവെക്കാം; പുതിയ ഫീച്ചര്‍ പരീക്ഷിച്ച് വാട്ട്സ്ആപ്പ്
ഡേറ്റ് അടിസ്ഥാനത്തിൽ സന്ദേശങ്ങൾ തിരയാൻ സാധിക്കുന്ന സൗകര്യത്തിനായി വാട്ട്സ്ആപ്പ് ശ്രമിക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതുകൂടാതെ ഇപ്പൊൾ ഉപഭോക്താക്കള്‍ ഓണ്‍ലൈനില്‍ വരുന്നത് മറ്റുള്ളവരെ അറിയിക്കുന്ന ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറച്ചുവെക്കാനുള്ള സൗകര്യവും പരീക്ഷിക്കുകയാണ് വാട്ട്സ്ആപ്പ്.
വാബീറ്റാ ഇൻഫോ വെബ്സൈറ്റാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗ്രാമിന്‍റെ ഭാഗമായി കുറച്ച് ആളുകൾക്ക് മാത്രമേ ഈ ഫീച്ചർ ലഭിക്കൂ. വാട്ട്സ്ആപ്പ് ബീറ്റ ആൻഡ്രോയിഡ് 2.22.20.9 ലാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.
വാട്ട്സ്ആപ്പ് സെറ്റിങ്‌സില്‍ പ്രൈവസി സെക്ഷനില്‍ അക്കൗണ്ടിന് കീഴിൽ ലാസ്റ്റ് സീൻ ആൻഡ് ഓൺലൈൻ എന്ന് കാണാം. ഇതില്‍ എവരിവൺ, സേം അസ് ലാസ്റ്റ് സീൻ എന്ന രണ്ട് ഓപ്ഷനുകളുണ്ടാവും. എവരിവൺ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഓൺലൈനിൽ വരുന്നത് എല്ലാവർക്കും കാണാൻ കഴിയും.