ട്വിറ്ററില്‍ പുതിയ ‘നോട്ട്‌സ്’ ഫീച്ചര്‍; 2500 വാക്കുകളിൽ എഴുതാം
നീണ്ട ലേഖനങ്ങൾ പങ്കിടാൻ അനുവദിക്കുന്ന നോട്ട് ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ. 2500 വാക്കുകൾ വരെ ഉപയോഗിച്ച് ലേഖനങ്ങൾ എഴുതാൻ ഈ സൗകര്യം അനുവദിക്കും.
ഒരു സാധാരണ ട്വീറ്റിൽ 280 അക്ഷരങ്ങൾ മാത്രമാണ് ട്വിറ്റർ അനുവദിക്കുന്നത്. വലിയ പോസ്റ്റുകൾ പങ്കിടാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ അവ ചിത്രങ്ങളാക്കി മാറ്റുകയും കുറിപ്പുകൾ വായിക്കാൻ പുറത്തുള്ള വെബ് പേജുകളിലേക്ക് ഫോളോവേഴ്സിനെ ക്ഷണിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
കാനഡ, ഘാന, യുകെ, യുഎസ് എന്നിവിടങ്ങളിലെ വളരെ കുറച്ച് ഉപയോക്താക്കളിൽ രണ്ട് മാസം വരെ നോട്ട്സ് ഫീച്ചർ പരീക്ഷിക്കും.
നോട്ട്‌സ് ഫീച്ചർ ഉപയോഗിച്ച് കുറിപ്പുകൾ എഴുതുകയും പങ്കിടുകയും ചെയ്യുമ്പോൾ, അനുയായികൾ തലക്കെട്ടും ആ കുറിപ്പിന്റെ ലിങ്കും കാണും. ഈ ലിങ്കിൽ ക്ലിക്കുചെയ്താൽ മാത്രമേ മുഴുവൻ ലേഖനവും വായിക്കാൻ കഴിയൂ.