Wednesday, January 22, 2025
GULFLATEST NEWSTECHNOLOGY

ഓൺലൈൻ സാമ്പത്തിക ഇടപാടുകളിൽ വൻ വളർച്ച നേടി ഒമാൻ

മ​സ്ക​റ്റ്: കോവിഡ് -19 മഹാമാരി നാശം വിതച്ച കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവുണ്ടായതായി ഒമാൻ സെൻട്രൽ ബാങ്ക് അറിയിച്ചു. പകർച്ചവ്യാധിക്ക് മുമ്പുള്ള കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് കാലയളവിൽ ഓൺലൈൻ സാമ്പത്തിക ഇടപാടുകൾക്ക് വലിയ സ്വീ​കാ​ര്യ​ത​ ലഭിച്ചു. 2020ൽ ഓൺലൈൻ ഇടപാടുകൾ മുൻ വർഷത്തേക്കാൾ 19.2 ശതമാനം വർദ്ധിച്ചു. 2021 ൽ ഇടപാടുകൾ 40.6 ശതമാനം വർദ്ധിച്ചു. മൊബൈൽ ഫോണുകളുടെ വ്യാപകമായ ഉപയോഗമാണ് ഇ-കൊമേഴ്സ് വ്യാപകമായ സ്വീകാര്യത നേടുന്നതിനും പണമിടപാടുകൾ ഒഴിവാക്കുന്നതിനും പ്രധാന കാരണം. സെൻട്രൽ ബാങ്കിന്‍റെ സാമ്പത്തിക റിപ്പോർട്ട് അനുസരിച്ച്, രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കാലയളവിൽ ഓൺലൈൻ ഇടപാടുകൾ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.

ഇ-കൊമേഴ്സ് വഴിയുള്ള ഇടപാടുകളിലും വലിയ വർദ്ധനവുണ്ടായി. ഇ-കൊമേഴ്സ് ഇടപാടുകൾ 2020 ൽ 47.9 ശതമാനവും 2021 ൽ 78.7 ശതമാനവും വർദ്ധിച്ചു. ഡിജിറ്റൽ ഇടപാടുകളിലെ വർദ്ധനവും പണമിടപാടുകൾ കുറയ്ക്കുന്നതിന് കാരണമായി. അതേസമയം, ഓൺലൈൻ സ്ഥാപനങ്ങൾ വഴിയുള്ള ഇടപാടുകളിൽ മൂന്ന് ശതമാനം വർദ്ധനവും ഉണ്ടായിട്ടുണ്ട്. എല്ലാ മേഖലകളിലും കാർഡ്-ടു-കാർഡ് ഇടപാടുകൾ വർദ്ധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഭക്ഷ്യോത്പന്ന സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, കഫേകൾ, സ്വർണ്ണ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇ-പേയ്മെന്‍റ് സംവിധാനം ഏർപ്പെടുത്താനും വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇ-പേയ്മെന്‍റ് സംവിധാനത്തിന്‍റെ സ്വീകാര്യത വർദ്ധിച്ചതിനാൽ കഴിഞ്ഞ രണ്ട് വർഷമായി ചെക്കുകളുടെ ഉപയോഗത്തിൽ കുത്തനെ ഇടിവുണ്ടായി. 2019 ൽ 4.7 ദശലക്ഷം ചെക്ക് ഇടപാടുകളാണ് നടന്നത്.