Wednesday, January 22, 2025
GULFLATEST NEWS

ഉഷ്ണമേഖലാ ന്യൂനമർദം രൂപപ്പെടുന്നതായി ഒമാൻ കാലാവസ്ഥാ വകുപ്പ്

മസ്കത്ത്: കിഴക്കൻ അറബിക്കടലിൽ ഉഷ്ണമേഖലാ ന്യൂനമർദ്ദം രൂപപ്പെട്ടതിന്‍റെ പ്രാരംഭ സൂചനകൾ ലഭിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു. എന്നാൽ വരും ദിവസങ്ങളിൽ ഇത് ഒമാനെ നേരിട്ട് ബാധിക്കില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പുതിയ റിപ്പോർട്ട്. അറബിക്കടലിലെ സംഭവവികാസങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ഉഷ്ണമേഖലാ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ റിപ്പോർട്ടുകളും ആവശ്യമായ മുന്നറിയിപ്പുകളും നൽകുമെന്നും സിഎഎയ്ക്ക് കീഴിലുള്ള മൾട്ടി-ഹസാർഡ് വാണിംഗ് സെന്‍ററിലെ കാലാവസ്ഥാ നിരീക്ഷകൻ മസൂദ് ബിൻ സയീദ് അൽ കിന്ദി പറഞ്ഞു. നിലവിൽ, ദോഫർ ഗവർണറേറ്റിന്‍റെ തീരപ്രദേശങ്ങളിൽ മഴമേഘങ്ങൾ കാണപ്പെടുന്നുണ്ട്. രണ്ട് ദിവസത്തേക്ക് ഇവിടെ മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയ വഴിയും മറ്റും അനധികൃതവും തെറ്റായതുമായ കാലാവസ്ഥാ പ്രവചനങ്ങൾ നൽകുന്നവർക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി കഴിഞ്ഞ ദിവസം കർശന മുന്നറിയിപ്പ് നൽകിയിരുന്നു. 15,000 റിയാൽ മുതൽ 50,000 റിയാൽ വരെ പിഴയും ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന് അധികൃതർ അറിയിച്ചു. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.