Wednesday, November 6, 2024
GULFLATEST NEWS

പ്രസിഡൻഷ്യൽ പാലസിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കയ്യെഴുത്ത് പ്രതികൾ

അബുദാബി: അബുദാബിയിലെ ഖസർ അൽ വതൻ എന്നറിയപ്പെടുന്ന പ്രസിഡൻഷ്യൽ പാലസിൽ അപൂർവ കൈയെഴുത്തുപ്രതികളുടെ പ്രദർശനം ആരംഭിച്ചു. പതിമൂന്നാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിലും യൂറോപ്യൻ പണ്ഡിതൻമാർ എഴുതിയ കൈയെഴുത്തുപ്രതികളാണ് പ്രദർശനത്തിലുള്ളത്.

പ്രാചീന കാലത്തെ അറബികളുടെ സംസ്കാരം, സംഗീതം, വൈദ്യശാസ്ത്രം, സാഹിത്യം എന്നിവയുടെ ഉളളറകളിലേക്ക് വായനക്കാരെ ആകർഷിക്കുന്നവയാണ് ഇവയെന്ന് സംഘാടകരായ അബുദാബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പ് (ഡിസിടി) പറഞ്ഞു. അബുദാബി അറബിക് ലാംഗ്വേജ് സെന്ററുമായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

സന്ദർശകർക്ക് ഖസർ അൽ വതൻ ലൈബ്രറി വഴി അര ദശലക്ഷത്തിലധികം പുസ്തകങ്ങൾ അറിയാൻ കഴിയും. പുരാവസ്തുശാസ്ത്രം, ചരിത്രം, പൈതൃകം, ജീവചരിത്രം, മനുഷ്യശാസ്ത്രം, സ്ഥിതിവിവരക്കണക്കുകൾ, ഭരണം, സംസ്കാരം, സാഹിത്യം, കല തുടങ്ങിയ പൊതു താൽപ്പര്യമുള്ള വിഷയങ്ങളിൽ പുതിയതും പുരാതനവുമായ പുസ്തകങ്ങളുടെ സമാഹാരമാണ് ലൈബ്രറിയെ സമ്പന്നമാക്കുന്നത്.