Tuesday, December 17, 2024
GULFLATEST NEWS

ലോകകപ്പിനായി സജ്ജമായി ഓൾഡ് എയർപോർട്ട്

ദോഹ: ലോകകപ്പിനായി സജ്ജമായ ദോഹ രാജ്യാന്തര വിമാനത്താവളം (ഓൾഡ് എയർപോർട്ട്) വ്യാഴാഴ്ച മുതൽ സജീവമാകും. വിവിധ രാജ്യങ്ങളിൽനിന്നുള്ള 13 എയർലൈൻസുകൾ നാളെ മുതൽ ഡി.ഐ.എയിലേക്കായിരിക്കും സർവിസ് നടത്തുകയെന്ന് ഖത്തർ എയർപോർട്ട് ഓപറേഷൻ ആൻഡ് മാനേജ്മെന്‍റ് അറിയിച്ചു. എയർ അറേബ്യ, എയർ കൈറോ, ബദ്ർ എയർലൈൻസ്, ഇത്യോപ്യൻ എയർലൈൻസ്, ഇതിഹാസ് എയർവേസ്, ഫ്ലൈ ദുബൈ, ഹിമാലയ എയർലൈൻസ്, ജസീറ എയർവേസ്, നേപ്പാൾ എയർലൈൻസ്, പാകിസ്താൻ ഇന്‍റർനാഷനൽ എയർലൈൻസ്, പെഗാസസ് എയർലൈൻസ്, സലാം എയർ, ടാർകോ ഏവിയേഷൻ എന്നിവയുടെ ദോഹയിലേക്കുള്ള വരവും പോക്കും ഇനി ദോഹ രാജ്യാന്തര വിമാനത്താവളത്തിലേക്കായിരിക്കും. ലോകകപ്പ് വേദികളിൽനിന്ന് 30 മിനിറ്റ് മാത്രം ദൂരെയാണ് വിമാനത്താവളം സ്ഥിതി ചെയുന്നത്. എല്ലാ ടെർമിനലുകളിലും നിശ്ചിത ഫീസോടൈ കാർ പാർക്കിങ് സൗകര്യമുണ്ടായിരിക്കും. പ്രാർഥന മുറി, ഹൈ സ്പീഡ് വൈഫൈ, ഉരീദു-വൊഡാഫോൺ കിയോസ്കുകൾ, എ.ടി.എം, കറൻസി വിനിമയ സേവനം തുടങ്ങിയ യാത്രക്കാർക്ക് ആവശ്യമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ലോകകപ്പിന് വിവിധ രാജ്യങ്ങളിൽനിന്നായി ഒഴുകിയെത്തുന്ന ദശലക്ഷം കാണികളെ ഉൾക്കൊള്ളാനുള്ള ശേഷിയോടെയാണ് ഓൾഡ് എയർപോർട്ട് അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചത്.