Thursday, January 23, 2025
GULFLATEST NEWS

യാത്രക്കാരുടെ ലഗേജുകൾക്ക് കേടുപാടുകൾ വന്നാൽ വിമാന കമ്പനികൾക്ക് പിഴ; സൗദി

റിയാദ് : യാത്രക്കാരുടെ ലഗേജ് വൈകുകയോ, നഷ്ടപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ, ചെയ്താൽ വിമാനക്കമ്പനികൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ . യാത്രക്കാർക്ക് നഷ്ടപരിഹാരമായി 6000 റിയാൽ വരെ നൽകണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകി.

കുറഞ്ഞ നഷ്ടപരിഹാരം 1,820 റിയാലും അധികമായി 6,000 റിയാലും നൽകണം. ഉയർന്ന മൂല്യമുള്ള സാധനങ്ങൾ നഷ്ടപ്പെട്ടാൽ അതനുസരിച്ച് നഷ്ടപരിഹാരം നൽകണം. അത്തരം ഇനങ്ങൾ ലഗേജിൽ ഉണ്ടെങ്കിൽ, യാത്ര പുറപ്പെടുന്നതിനു മുമ്പ് വില ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വിമാനക്കമ്പനികളെ അറിയിക്കണം.

ആഭ്യന്തര വിമാനങ്ങളിൽ ലഗേജുകൾ ലഭിക്കാൻ വൈകിയാൽ ഓരോ ദിവസവും 104 റിയാൽ നഷ്ടപരിഹാരം നൽകണം. പരമാവധി 520 റിയാൽ വരെയാകാം ഇത്. അന്താരാഷ്ട്ര വിമാനങ്ങളിൽ പ്രതിദിനം 208 റിയാൽ മുതൽ 1040 റിയാൽ വരെയാണ് നഷ്ടപരിഹാരം നൽകേണ്ടത്. ലഗേജുകൾക്ക് നഷ്ടമോ കേടുപാടുകളോ സംഭവിച്ചതായി പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നും ജി.എ.സി.എ നിർദ്ദേശം നൽകി.