Tuesday, December 17, 2024
LATEST NEWS

ഭക്ഷ്യ സംസ്കരണ മേഖലയിൽ 150 കോടിയുടെ തുടർനിക്ഷേപവുമായി നോർവീജിയൻ കമ്പനി ഓർക്കലെ

ഓസ്‌ലോ: കേരളത്തിലെ ഭക്ഷ്യസംസ്കരണ മേഖലയിൽ 150 കോടി രൂപയുടെ നിക്ഷേപം തുടരുമെന്ന്, പ്രമുഖ നോർവീജിയൻ കമ്പനിയായ ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ് സിഇഒ ആറ്റ്‌ലെ വൈഡർ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകി. ഒരു ഭക്ഷ്യസംസ്കരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്നതിന് ഒരു സംവിധാനം ഏർപ്പെടുത്താനും ഓർക്കലെ തീരുമാനിച്ചു.

കേരളത്തിലെ പ്രമുഖ ബ്രാൻഡായ ഈസ്റ്റേൺ കമ്പനിയുടെ 67 ശതമാനം ഓഹരി വാങ്ങിയ ഓർക്കലെ, ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്ന ഒരു പ്രമുഖ നോർവീജിയൻ കമ്പനിയാണ്. പുനരുപയോഗ ഊർജ രംഗത്തും നിക്ഷേപം നടത്തുന്ന കാര്യവും ഓർക്കലെ പരിഗണിക്കുന്നുണ്ടെന്ന് ആറ്റ്‌ലെ പറഞ്ഞു.

ലോകത്തിലെ മുൻനിര സുഗന്ധവ്യഞ്ജന മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ കേന്ദ്രമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് മത്സ്യ കയറ്റുമതിയിൽ മൂന്നാമതുള്ള കേരളത്തിലാണ് ഇന്ത്യയിലെ യൂറോപ്യൻ അംഗീകൃത സീഫുഡ് കമ്പനികളിൽ 75 ശതമാനവും.

നേന്ത്രക്കായ, മരച്ചീനി, ചക്ക എന്നിവയുടെ ഉൽപാദനത്തിലും കേരളം മുന്നിലാണ്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഭക്ഷ്യസംസ്കരണ മേഖലയ്ക്ക് സർക്കാർ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 100 കോടിയിലധികം രൂപ നിക്ഷേപിക്കുന്നവർക്ക് വ്യവസായ വകുപ്പ് സ്പെഷ്യൽ നോഡൽ ഓഫീസറെ നിയമിക്കും. ഇതിന്‍റെ ഭാഗമായി ഓർക്കലെയുടെ തുടർ നിക്ഷേപത്തിന് ഹാൻഡ് ഹോൾഡ് സേവനം ഉറപ്പാക്കാൻ നോഡൽ ഓഫിസറെ ചുമതലപ്പെടുത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു.