ഇന്ത്യയില്‍ നോക്കിയ 8210 4ജി അവതരിപ്പിച്ചു
എച്ച്എംഡി ഗ്ലോബൽ നോക്കിയ 8210 4ജി ഫീച്ചർ ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ദീർഘകാല ഈടു നിൽപ്, 27 ദിവസത്തെ സ്റ്റാൻഡ്ബൈ ബാറ്ററി ലൈഫ്, 2.8 ഇഞ്ച് ഡിസ്പ്ലേ, എംപി 3 പ്ലേയർ, വയർലെസ് എഫ്എം റേഡിയോ, ക്യാമറ, 4ജി കണക്ടിവിറ്റി, ഡ്യുവൽ സിം വോൾട്ട് വോയ്സ് കോളുകൾ തുടങ്ങിയവയോടെയാണ് ഈ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കാൻ വളരെ എളുപ്പമാണ് എന്നതാണ് ഈ ഫോണിന്‍റെ മറ്റൊരു സവിശേഷതയെന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു.
ഇതോടൊപ്പം, നോക്കിയയുടെ ജനപ്രിയ മോഡലായ നോക്കിയ 110 (2022) എന്ന പുതിയ മോഡലും കമ്പനി അവതരിപ്പിച്ചു. ഓട്ടോ കോൾ റെക്കോർഡിംഗ്, നോക്കിയ ഫോണുകളുടെ മികച്ച നിലവാരമുള്ള ബിൽറ്റ്-ഇൻ റിയർ ക്യാമറ, ഫോണിന്‍റെ സൗകര്യങ്ങൾ തടസ്സമില്ലാതെ ആസ്വദിക്കാൻ ദീർഘനേരം നിൽക്കുന്ന ബാറ്ററി എന്നിവ ഈ ഫീച്ചർ ഫോണിന്‍റെ സവിശേഷതകളാണ്. രണ്ട് ഫോണുകളും ഒരു വർഷത്തെ റീപ്ലേസ്മെന്‍റ് ഗ്യാരണ്ടിയോടെയാണ് പുറത്തിറക്കിയിരിക്കുന്നത്.
“പുതിയ ഫീച്ചർ ഫോണുകൾ എല്ലാവർക്കും താങ്ങാനാവുന്നതും ദീർഘകാലം നിലനിൽക്കുന്നതുമായ സാങ്കേതികവിദ്യ എല്ലാവർക്കും ലഭ്യമാക്കുന്നതിനുള്ള എച്ച്എംഡി ഗ്ലോബലിന്‍റെ പ്രതിബദ്ധതയുടെ തെളിവാണ്. ഇന്ത്യയിലെ പ്രീമിയം ഫീച്ചർ ഫോൺ വിപണിയിൽ ശക്തമായ സാന്നിധ്യമുള്ള നോക്കിയ ബ്രാൻഡിന്‍റെ പുതിയ ഫോണുകൾ, കൂടുതൽ ഇണങ്ങിയ ഫാഷൻ തേടുന്ന യുവതലമുറ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി, എച്ച്എംഡി ഗ്ലോബൽ ഇന്ത്യയുടെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക വൈസ് പ്രസിഡന്‍റ് സൻമീത് സിംഗ് പറഞ്ഞു. ഓഗസ്റ്റ് 6 മുതൽ നോക്കിയ 8210 4 ജി നീല, ചുവപ്പ് നിറങ്ങളിൽ ആമസോണിൽ ലഭ്യമാകും. ഇതിന് 3,999 രൂപയാണ് വില.