Thursday, January 23, 2025
LATEST NEWS

മേല്‍ക്കൂരയും വാതിലും ഭിത്തിയുമില്ല, ഹോട്ടലിന് വാടക 26,000 രൂപ

സ്വിറ്റ്സർലന്റ് : മുറിയിൽ സ്വകാര്യത ലഭിക്കുന്നില്ല, രാത്രി മുഴുവൻ അരാജകത്വം, ഉറങ്ങാൻ കഴിയുന്നില്ല തുടങ്ങിയ അതിഥികളുടെ പരാതികൾ പരിഹരിക്കുന്നത് പലപ്പോഴും ഹോട്ടൽ അധികൃതർക്ക് വലിയ തലവേദനയാണ്. എന്നാൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ മാത്രം വാഗ്ദാനം ചെയ്യുന്ന ഒരു ഹോട്ടൽ ഉണ്ട്. കിടപ്പുമുറിയിൽ മതിലുകളില്ല, രാത്രിയിൽ ഉറങ്ങാൻ കഴിയില്ല, ചൂടേറിയ ചർച്ചകൾ മാത്രം. ലോകത്തെക്കുറിച്ചുള്ള എല്ലാ ആശങ്കകളും പ്രകടിപ്പിക്കാനും ചർച്ച ചെയ്യാനും, അടുത്തത് എന്താണെന്ന് ചിന്തിക്കാനും, പ്രതിഷേധങ്ങൾ പങ്കിടാനുമുള്ള ഒരു സ്ഥലം മാത്രമാണിത്. ഒരു ദിവസത്തെ വാടക വെറും 26,000 രൂപ. സീറോ-സ്റ്റാർ ഹോട്ടലാണിത്.

സ്വിറ്റ്സർലന്റിൽ കണ്‍സെപ്റ്റ് ആർട്ടിസ്റ്റുകളായ ഇരട്ട സഹോദരൻമാരാണ് ഹോട്ടൽ ആരംഭിച്ചത്. ഫ്രാങ്കും സഹോദരൻ പാട്രിക് റിക്ക്ലിനും ചേർന്നാണ് ഹോട്ടൽ നിർമ്മിച്ചത്. തെക്കൻ സ്വിസ് കന്റോണായ വലൈസിലെ സെയ്‌ലോണ്‍ ഗ്രാമത്തിലാണ് വ്യത്യസ്തമായ ഈ മുറികളുള്ളത്. വാതിലോ ഭിത്തിയോ ഇല്ലാത്ത പ്ലാറ്റ്ഫോമിൽ ഡബിള്‍ ബഡ്, മേശകൾ, കസേരകൾ, ടേബിൾ ലാമ്പുകൾ എന്നിവ മാത്രമേ മുറിയിൽ സ്ഥാപിച്ചിട്ടുള്ളൂ.

വ്യത്യസ്തമായി ചിന്തിക്കുക എന്നതാണ് ഹോട്ടലിന്റെ അടിസ്ഥാന തത്വം. അതിഥികൾ രാഷ്ട്രീയവും തത്ത്വചിന്തയും കവിതയും സംസാരിക്കുമെന്നും മനോഹരമായ ഗ്രാമത്തിലെ രാത്രിയുടെ ഭംഗി ആസ്വദിക്കുമെന്നും ഈ ഇരട്ട സഹോദരൻമാർക്ക് ഉറപ്പുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക പ്രശ്നങ്ങൾ, യുദ്ധങ്ങൾ മുതലായവയെക്കുറിച്ച് സംസാരിക്കുകയും, ഇതെല്ലാം തടയാൻ നമുക്ക് എന്തുചെയ്യാൻ കഴിയുമെന്ന് അതിഥികൾ ചിന്തിക്കുമെന്നും പാട്രിക്കും ഫ്രാങ്കും പ്രതീക്ഷിക്കുന്നു.