Tuesday, December 17, 2024
LATEST NEWSTECHNOLOGY

പ്രിസർവേറ്റീവ് വേണ്ട; ചക്ക ഉണക്കി സൂക്ഷിക്കാൻ മാർഗവുമായി ചക്കക്കൂട്ടം

കൊല്ലം: ഓരോ വർഷവും 10 ലക്ഷം ടൺ ചക്ക ഉപയോഗശൂന്യമാകുന്നുണ്ട്. അത് നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണെങ്കിൽ, നാളത്തെ ഭക്ഷണമാക്കി മാറ്റാൻ കഴിയും. കൊല്ലം വെളിയത്തെ തപോവന്‍ ജാക്‌സ് എന്ന പ്ലാവ് പ്ലാന്റേഷന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചക്ക ക്ലസ്റ്ററിൽ നടന്ന ചൂടേറിയ ചർച്ചാവിഷയങ്ങളിലൊന്നായിരുന്നു അത്.

ചക്കയിലുള്ള ജലാംശം നീക്കംചെയ്യാൻ ഡ്രയറുകൾ കണ്ടുപിടിച്ചിട്ടുണ്ട്. വിറക് ഉപയോഗിക്കുന്ന ഡ്രയറുകളും ഇലക്ട്രിക്കൽ ഡ്രയറുകളും ഉണ്ട്. ഇതിലൂടെ ചക്ക അരിഞ്ഞ് ഉണക്കി സൂക്ഷിക്കാം. ആവശ്യമുള്ള സന്ദർഭങ്ങളിൽ വെള്ളത്തിൽ ഇട്ട് ഉപയോഗിക്കുകയും ചെയ്യാം. പ്രിസർവേറ്റീവുകൾ ഇല്ല. ചക്കയുടെ ഗുണം തനതായ രുചിയോടെ ലഭ്യമാണെന്നതാണ് ഇതിന്റെ നേട്ടമെന്ന് അഭിഭാഷകനും തപോവൻ ഉടമയുമായ വെളിയം രാജീവ് പറഞ്ഞു.

പച്ച ചക്കയും ഈ രീതിയിൽ ഉണക്കി സൂക്ഷിക്കാൻ സാധിക്കും. ഇത് പൊടിയായും സൂക്ഷിക്കാം. ചക്കപ്പഴപ്രേമികളുടെ പ്രിയപ്പെട്ട വിഭവം കൂടിയാണ് ചക്കക്കുരു പൊടിയുടെ ചമ്മന്തിയും.

2050 ആകുമ്പോഴേക്കും ഇന്ന് ഉത്പാദിപ്പിക്കുന്ന മൊത്തം ഭക്ഷണത്തിന്‍റെ 60 ശതമാനം അധികം ആവശ്യമായി വരും. ഈ സാഹചര്യത്തിലാണ് നഷ്ടപ്പെടുന്ന 10 ലക്ഷം ടൺ ചക്കയുടെ പ്രസക്തി. ചക്കയുടെ ഓൺലൈൻ പ്രമോട്ടറും ജാക്ക്ഫ്രൂട്ട് വേൾഡ് എന്ന ആപ്ലിക്കേഷന്‍റെ സ്ഥാപകനുമായ ജോയ്സ് റാന്നി പറയുന്നു.