‘ആരുമറിയില്ല’;ശല്യമാവുന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ ഇനി ആരുമറിയാതെ പുറത്തുപോവാം
മെറ്റ സിഇഒ മാർക്ക് സക്കർബർഗ് വാട്ട്സ്ആപ്പിൽ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ സ്വകാര്യത നൽകുന്നതിനാണ് പുതിയ ഫീച്ചർ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഫീച്ചറിലൂടെ, വാട്ട്സ്ആപ്പ് ഉപഭോക്താക്കൾക്ക് അവർ അംഗങ്ങളായ ഗ്രൂപ്പുകളിൽ നിന്ന് ആരും അറിയാതെ പുറത്തുപോകാൻ കഴിയും. ഓൺലൈനിൽ വരുമ്പോൾ ആരെല്ലാമാണ് കാണേണ്ടതെന്ന് തീരുമാനിക്കാനും വ്യൂ വൺസ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ തടയാനും കഴിയും.
സന്ദേശങ്ങളെ സംരക്ഷിക്കുന്നതിനും അവയെ മുഖാമുഖമുളള സംഭാഷണങ്ങൾ പോലെ സ്വകാര്യവും സുരക്ഷിതവുമാക്കുന്നതിനും പുതിയ മാർഗങ്ങൾ ആവിഷ്കരിക്കുന്നത് തുടരുമെന്ന് സക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നേരത്തെ ഗ്രൂപ്പ് വിടുമ്പോൾ ആ വിവരം വാട്സ്ആപ്പ് മറ്റ് അംഗങ്ങളെ അറിയിക്കാറുണ്ടായിരുന്നു. എന്നാൽ ഇനി പുറത്തുപോകുന്ന വിവരം ഗ്രൂപ്പിലെ എല്ലാവരേയും അറിയിക്കുന്നതിനുപകരം, ഗ്രൂപ്പ് അഡ്മിനെ മാത്രമേ അറിയിക്കുകയുള്ളൂ.
ഈ മാസം തന്നെ ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ആരംഭിക്കുമെന്ന് വാട്ട്സ്ആപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു നിശ്ചിത സമയത്തേക്ക് മാത്രം കാണാൻ കഴിയുന്ന ‘വ്യൂ വൺസ്’ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ തടയുന്ന ഫീച്ചറും വാട്ട്സ്ആപ്പ് ഒരുക്കിയിട്ടുണ്ട്. ഇത് പരീക്ഷണ ഘട്ടത്തിലാണ്.