Friday, January 17, 2025
LATEST NEWSPOSITIVE STORIES

യുഎഇയിൽ ഇനി ആരും പട്ടിണി കിടക്കേണ്ട; സൗജന്യ ബ്രഡ് നൽകാൻ മെഷീനുകൾ

ദുബൈ: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇയിൽ ഇനി ആർക്കും വിശപ്പോടെ കിടന്ന് ഉറങ്ങേണ്ടി വരില്ലെന്ന് പ്രഖ്യാപിച്ചു. കോവിഡ് കാലത്തെ പോലെ ഇനി എല്ലാ കാലത്തും വിശക്കുന്നവർക്ക് ഭക്ഷണം എത്തിക്കാനുള്ള ക്രമീകരണങ്ങളുമായി ഭരണകൂടം രംഗത്ത് വന്നിരിക്കുകയാണ്. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയ യന്ത്രങ്ങൾ വഴിയാണ് രാജ്യത്ത് ‘ബ്രെഡ് ഫോർ ഓൾ ‘ (എല്ലാവർക്കും ഭക്ഷണം) പദ്ധതി നടപ്പാക്കുന്നത്.

മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ സെന്‍റർ ഫോർ എൻഡോവ്‌മെന്‍റ് കൺസൾട്ടൻസിയാണ് ‘ബ്രെഡ് ഫോർ ഓൾ’ സംരംഭം പ്രഖ്യാപിച്ചത്. ഓരോ ദിവസവും വിവിധ സമയങ്ങളിൽ പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും സൗജന്യ റൊട്ടി നൽകുന്ന സംവിധാനമാണിത്. വിവിധ ഔട്ട്‌ലറ്റുകളിൽ വിന്യസിക്കുന്ന സ്മാർട്ട് മെഷീനുകൾ വഴിയാണ് ആവശ്യക്കാർക്ക് ഫ്രഷ് ബ്രഡുകൾ നൽകുക. മെഷീനിലെ ‘ഓർഡർ’ ബട്ടൻ അമർത്തിയാൽ അൽപസമയത്തിനകം ബ്രഡ് ലഭിക്കുന്ന രീതിയിലാണ് ഇതിലെ സംവിധാനം.

പദ്ധതിയിലേക്ക് സംഭാവന ചെയ്യാനുള്ള സൗകര്യവും യന്ത്രത്തിലുണ്ട്. ഇതിനുപുറമെ, ‘ദുബായ് നൗ’ ആപ്പ് വഴിയും എസ്എംഎസ് വഴിയും സംഭാവനകൾ നൽകാം. 10 ദിർഹം സംഭാവന ചെയ്യാൻ 3656 നമ്പറിലേക്കും 50 ദിർഹമിന് 3658, 100 ദിർഹമിന് 3659, 500 ദിർഹമിന് 3679 എന്നതിലേക്കുമാണ് എസ്.എം.എസ് ചെയ്യേണ്ടത്. സംരംഭത്തിന്‍റെ സംഘാടകരെ [email protected] ഇ-മെയിൽ വഴിയോ 0097147183222 ഫോൺ വഴിയോ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.