Tuesday, December 17, 2024
LATEST NEWS

ഇന്ധനവില കൂട്ടിയില്ല; എച്ച്.പി.സി.എല്ലിന്റെ നഷ്ടം 10,196 കോടി

ന്യൂഡൽഹി: ഇന്ധന വില വർദ്ധിപ്പിക്കാത്തതിനാൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് (എച്ച്പിസിഎൽ) റെക്കോർഡ് നഷ്ടം. 10,196.94 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഏപ്രിലിനും ജൂണിനുമിടയിൽ കമ്പനിക്ക് കനത്ത നഷ്ടമുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,795 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചിൽ എച്ച്പിസിഎൽ ആണ് ഇക്കാര്യം അറിയിച്ചത്.

എച്ച്പിസിഎല്ലിന് പുറമെ ഭാരത് പെട്രോളിയവും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വില വർദ്ധിപ്പിച്ചിട്ടില്ല. ഇന്ധന വില വർധിപ്പിച്ചിരുന്നെങ്കിൽ പണപ്പെരുപ്പം കുത്തനെ ഉയരുമായിരുന്നു. ഇത് തടയാനായിരുന്നു കമ്പനികളുടെ നടപടി. അതേസമയം, ഈ കാലയളവിൽ കമ്പനികൾക്ക് റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ ലഭിച്ചു.

ബാരലിന് 109 ഡോളറിന് വാങ്ങുന്ന എണ്ണ ചില്ലറ വിപണിയിൽ 85 മുതൽ 86 ബാരൽ വരെ വിലയ്ക്കാണ് വിൽക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ അവകാശവാദം. നേരത്തെ ഐഒസിക്ക് 1,992.53 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.