ശവസംസ്കാരത്തിനും മോർച്ചറി സേവനങ്ങൾക്കും ജി.എസ്.ടിയില്ല
ന്യൂഡൽഹി: ശവസംസ്കാരത്തിനും മോർച്ചറി സേവനങ്ങൾക്കും ജിഎസ്ടി ഈടാക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്സഭയിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. ശ്മശാന നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
നേരത്തെ ജൂലൈ 18 മുതൽ അവശ്യവസ്തുക്കളുടെ ജിഎസ്ടി നിരക്ക് കേന്ദ്ര സർക്കാർ വർധിപ്പിച്ചിരുന്നു. അരി, പാൽ, മോര്, തൈര് ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി വർദ്ധിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
മുൻകൂട്ടി പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി ചുമത്താനുള്ള തീരുമാനം ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. അതേസമയം, ശവസംസ്കാരത്തിനും ജിഎസ്ടി ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി ധനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.