Wednesday, January 22, 2025
HEALTHLATEST NEWS

കോവിഡിന്റെ പുതിയ വകഭേദം ബിഎ.2.75 ഇന്ത്യയിൽ കണ്ടെത്തിയതായി ഡബ്ല്യുഎച്ച്ഒ

ജനീവ: കൊറോണ വൈറസിന്‍റെ ഒമിക്രോൺ വകഭേദത്തിന്‍റെ പുതിയ വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. ബിഎ.2.75 എന്നാണ് ഈ വേരിയന്‍റിന്‍റെ പേര്. ഇത് നിരീക്ഷിച്ചുവരികയാണെന്നും സംഘടന അറിയിച്ചു.

“കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, ലോകമെമ്പാടുമുള്ള കോവിഡ് കേസുകളിൽ 30 ശതമാനം വർദ്ധനവുണ്ടായി. ലോകാരോഗ്യ സംഘടനയുടെ ആറ് ഉപമേഖലകളിൽ നാലെണ്ണത്തിൽ കഴിഞ്ഞ ആഴ്ച കേസുകൾ വർദ്ധിച്ചിട്ടുണ്ട്,” സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഘെബ്രെയെസുസ് പറഞ്ഞു.

“ബിഎ.4, ബിഎ.5 വകഭേദങ്ങൾ യൂറോപ്പിലും അമേരിക്കയിലും ഗണ്യമായി വ്യാപിക്കുന്നു. ഇതിന്‍റെ പുതിയ വകഭേദമായ ബിഎ.2.75 ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് പരിശോധിച്ചു വരികയാണ്,” ഘെബ്രെയെസുസ് കൂട്ടിച്ചേർത്തു. ലോകാരോഗ്യ സംഘടനയുടെ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ഈ വകഭേദം ആദ്യം ഇന്ത്യയിൽ കണ്ടുവെന്നും പിന്നീട് മറ്റ് 10 രാജ്യങ്ങളിൽ കണ്ടെത്തിയെന്നും പറഞ്ഞു.