Wednesday, January 22, 2025
LATEST NEWSSPORTS

പരുക്കിനെ തുടർന്ന് വിമ്പിൾഡനിൽ നിന്ന് പിന്മാറി നദാൽ

ലണ്ടൻ: പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിനിടെ വയറിനേറ്റ പരിക്കിനെ തുടർന്ന് സ്പാനിഷ് താരം റാഫേൽ നദാൽ വിമ്പിൾഡനിൽ നിന്ന് പിൻമാറി. ഇതോടെ സെമി ഫൈനലിൽ നദാലിന്‍റെ എതിരാളിയായിരുന്ന ഓസ്ട്രേലിയൻ താരം നിക്ക് കിർഗിയോസ് ഫൈനലിലെത്തി. നേരത്തെ ക്വാർട്ടർ ഫൈനലിൽ റാഫേൽ നദാൽ തന്‍റെ എതിരാളി ടെയ്ലർ ഫ്രിറ്റ്സിനെയും പരിക്കിനെയും തോൽപ്പിച്ചിരുന്നു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ നദാൽ 3-6, 7-5, 3-6, 7-5, 7-6 എന്ന സ്കോറിനാണ് വിജയിച്ചത്. 24 കാരനായ ഫ്രിറ്റ്സ് 19 ഏസുകളുമായി നദാലിനെ വിറപ്പിച്ചെങ്കിലും അഞ്ചാം സെറ്റ് ടൈബ്രേക്കറിൽ ഇടറിവീഴുകയായിരുന്നു. 10-4 എന്ന സ്കോറിനാണ് നദാൽ വിജയിച്ചത്. രണ്ടാം സെറ്റിൽ വയറിന് പരിക്കേറ്റ നദാൽ മെഡിക്കൽ ടൈം ഔട്ട് എടുത്തെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്നു. ഗാലറിയിലുണ്ടായിരുന്ന നദാലിന്‍റെ അച്ഛനും സഹോദരിയും കളിയിൽ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ടെങ്കിലും മത്സരം തുടരാൻ നദാൽ തീരുമാനിക്കുകയായിരുന്നു.