Friday, November 15, 2024
LATEST NEWSPOSITIVE STORIES

ഓണത്തിന് വൈപ്പിനിൽ ‘നാടൻ പൂക്കളം’ വിരിയും

കൊച്ചി: ഈ ഓണത്തിന് വൈപ്പിൻകാർക്ക് പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി തമിഴ്നാട്ടിൽ നിന്ന് വരേണ്ട. 30 കർഷകരുടെ കൂട്ടായ്മയിൽ അര ഏക്കർ സ്ഥലത്താണ് പൂക്കൃഷി പുരോഗമിക്കുന്നത്. ഓണച്ചന്ത ലക്ഷ്യമിട്ട് സർക്കാരിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായാണ് ഇവിടെ പൂന്തോട്ടം ഒരുക്കുന്നത്. വൈപ്പിൻ ബ്ലോക്കിൽ എടവനക്കാട് ഗ്രാമപ്പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് കൃഷി പുരോഗമിക്കുന്നത്. ഓണം എത്തുമ്പോഴേക്കും വിളവെടുപ്പ് പൂർത്തിയാക്കുകയാണ് കർഷകരുടെ ലക്ഷ്യം.

പൂക്കൾ പഞ്ചായത്തിൽ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അസീന അബ്ദുൾ സലാം പറഞ്ഞു. ഓണക്കാലത്ത് പൂക്കളത്തിന്‍റെ താരമാണ് ചെണ്ടുമല്ലി. എപ്പോഴും തമിഴ്നാട്ടിൽ നിന്ന് വരുന്ന ചെണ്ടുമല്ലിക്ക് ഈ ദിവസങ്ങളിൽ പൊള്ളുന്ന വിലയാണ്. ഇത് ഒരു പരിധി വരെ പരിഹരിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

കർഷകർക്ക് ആവശ്യമായ പരിശീലനവുമായി കൃഷിഭവൻ ഉദ്യോഗസ്ഥരും മുന്നിൽ നിന്നു. മാത്രമല്ല, നല്ലയിനം സങ്കരയിനം തൈകളും ജൈവവളങ്ങളും സബ്സിഡി നിരക്കിൽ വിതരണം ചെയ്തതോടെ പഞ്ചായത്തിലെ കർഷകരുടെ സ്വപ്നം പൂവണിയാൻ തുടങ്ങിയിരിക്കുന്നു. പഞ്ചായത്തിന്‍റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ ചെണ്ടുമല്ലി തൈകളും വളവും കർഷകർക്ക് നൽകി. പദ്ധതിയുടെ ഭാഗമായി 5500 ചെണ്ടുമല്ലി തൈകളാണ് കൃഷിഭവൻ കർഷകർക്ക് നൽകിയത്. ജൂണിലാണ് കൃഷി ആരംഭിച്ചത്.