Friday, January 17, 2025
LATEST NEWSTECHNOLOGY

വാഹന നികുതി അടയ്ക്കാതെ മുങ്ങിനടക്കുന്ന വാഹന ഉടമകളെ പൂട്ടാന്‍ എം.വി.ഡി

തിരുവനന്തപുരം: നികുതി കുടിശിക അടയ്ക്കാതെ മുങ്ങിനടക്കുന്ന വാഹനങ്ങളുടെ ഉടമകൾ പിടിക്കപ്പെടും. നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ 860 വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി. ഈ വാഹനങ്ങളിൽ നിന്ന് സർക്കാരിന് ഇതുവരെ 49 കോടി രൂപ ലഭിക്കാനുണ്ട്. നോട്ടീസ് ലഭിച്ചിട്ടും നികുതി അടയ്ക്കാത്തവർക്കെതിരെ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം നാല് വർഷമോ അതിൽ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ നികുതി അടയ്ക്കാനുള്ള ഓപ്ഷൻ ഉണ്ട്. ഇത് പ്രയോജനപ്പെടുത്താത്ത വാഹന ഉടമകൾക്കെതിരെയാണ് ജപ്തിനടപടികള്‍ സ്വീകരിക്കുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.

നികുതി അടയ്ക്കാത്ത വാഹനങ്ങൾ സാധാരണയായി പരിശോധനയ്ക്കിടെ പിടിക്കപ്പെടും. എറണാകുളം ആർ.ടി.ഒ.യുടെ കീഴിലുള്ള സബ്-ആർ.ടി. ഓഫീസുകളായ തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, ആലുവ, അങ്കമാലി, പറവൂർ എന്നിവിടങ്ങളിലും നികുതി അടയ്ക്കാത്തവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസ് ലഭിച്ച് നിശ്ചിത ദിവസത്തിനുള്ളിൽ നികുതി അടച്ചില്ലെങ്കിൽ മറ്റ് നിയമനടപടികൾ സ്വീകരിക്കും.