പുത്തൻ മോട്ടോ എഡ്ജ് 2022 ഫോണുകൾ അവതരിപ്പിച്ച് മോട്ടറോള
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടറോള പുതിയ മോട്ടോ എഡ്ജ് 2022 ഫോണുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ചു. മികച്ച റിഫ്രഷ് റേറ്റും ക്യാമറകളുമാണ് ഫോണിന്‍റെ പ്രധാന ആകർഷണങ്ങൾ. മോട്ടോ എഡ്ജ് 2022 ഒരു മിഡ് റേഞ്ച് ബജറ്റ് ഫോണാണ്. 500 ഡോളറിൽ താഴെ വിലയ്ക്കാണ് ഫോൺ ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. അതായത് 40,000 രൂപയിൽ താഴെയാണ് വില. ഒരു സ്റ്റോറേജ് വേരിയന്‍റിൽ മാത്രമാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 8 ജിബി റാം 256 ജിബി ഇന്‍റേണൽ സ്റ്റോറേജ് വേരിയന്‍റായി ആണ് ഫോൺ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
മോട്ടോ എഡ്ജ് 2022 ഫോണുകളുടെ ഏറ്റവും വലിയ ആകർഷണം അതിന്‍റെ ഡിസ്പ്ലേയാണ്. 6.6 ഇഞ്ച് പഞ്ച് ഹോൾ ഒഎൽഇഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 2400 x 1080 പിക്സലുള്ള ഫുൾ എച്ച്ഡി + റെസല്യൂഷനാണ് ഫോണിനുള്ളത്. ഫോണിന്‍റെ റിഫ്രഷ് റേറ്റ് 144 ഹെർട്സ് ആണ്. 10-ബിറ്റ് നിറം, എച്ച്ഡിആർ 10 പ്ലസ് സപ്പോർട്ട് എന്നിവയാണ് ഫോണിന്‍റെ മറ്റ് സവിശേഷതകൾ. ഫോൺ സ്ക്രീനിന്‍റെ ആസ്പെക്ട് റേഷ്യോ 20:9 ആണ്. ഫോണിന്‍റെ മറ്റൊരു സവിശേഷത അതിന്‍റെ പ്രോസസ്സറാണ്. പുതിയ മീഡിയടെക് ഡൈമെൻസിറ്റി 1050 എസ്ഒസി പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്.