Saturday, January 18, 2025
HEALTHLATEST NEWS

സംസ്ഥാനത്തെ 9 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മാതൃശിശു സൗഹൃദ ആശുപത്രി സര്‍ട്ടിഫിക്കറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ 9 സർക്കാർ ആശുപത്രികൾക്ക് കൂടി മാതൃശിശുസൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റുകൾ ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി (സ്‌കോര്‍ 92.36 ശതമാനം), തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (97.72), പത്തനംതിട്ട ജനറല്‍ ആശുപത്രി (96.41), എറണാകുളം ജനറല്‍ ആശുപത്രി (96.57), മലപ്പുറം പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (90.9), നിലമ്പൂര്‍ ജില്ലാ ആശുപത്രി (94.48), മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി (86.18), കോഴിക്കോട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി (95.86), വയനാട് മാനന്തവാടി ജില്ലാ ആശുപത്രി (97.94) എന്നീ ആശുപത്രികളാണ് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയതെന്ന് മന്ത്രി പറഞ്ഞു.

അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരമുള്ളതും സൗഹൃദപരവുമായ ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതിനും മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി ആരംഭിച്ചത്. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 25 സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.

പരിശീലന പരിപാടികളുടെ വിവിധ ഘട്ടങ്ങളെയും വിവിധ ഗുണനിലവാര സൂചികകളെയും അടിസ്ഥാനമാക്കി പരിശോധനകൾ നടത്തിയാണ് സർട്ടിഫിക്കേഷൻ നടത്തുന്നത്. സംസ്ഥാന തലത്തിൽ നിന്നുള്ള വിദഗ്ദ്ധരുടെ ഒരു സംഘം ഗുണനിലവാര പരിശോധനകൾ നടത്തിയാണ് ആശുപത്രികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നത്.