Thursday, November 21, 2024
HEALTHLATEST NEWS

പേവിഷബാധയില്‍ ഇരട്ടിയിലേറെ വര്‍ധന; 300 സാംപിളില്‍ 168 എണ്ണം പോസിറ്റീവ്

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നായ്ക്കളിൽ പേവിഷബാധ ഇരട്ടിയിലധികം വർദ്ധിച്ചെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനാഫലം. വളർത്തുനായ്ക്കളുടെയും ചത്ത നായ്ക്കളുടെയും സാമ്പിളുകൾ ഉൾപ്പെടെ 300 സാമ്പിളുകൾ പരിശോധിച്ചതിൽ 168 എണ്ണം പോസിറ്റീവാണെന്ന് കണ്ടെത്തി. പൂച്ച ഉൾപ്പെടെയുള്ള മറ്റ് മൃഗങ്ങളിലും വൈറസിന്‍റെ സാന്നിധ്യം ഇരട്ടിയായി. വന്ധ്യംകരണത്തോടൊപ്പം നടത്തിയിരുന്ന തെരുവുനായ്ക്കളുടെ വാക്സിനേഷൻ നിലച്ചതാണ് പേവിഷബാധ വർദ്ധിക്കാനുള്ള പ്രധാന കാരണം.

പേവിഷബാധയേറ്റ് 20 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുന്നതിനിടെ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത കൂടി വെളിപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് മൃഗങ്ങളിലെ പേവിഷബാധയുടെ തോതും ഉയരുകയാണ് എന്നതാണത്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. പരിശോധനയ്ക്കായി എടുത്ത 300 സാമ്പിളുകളിൽ 168 എണ്ണത്തിലും പേവിഷബാധയ്ക്ക് കാരണമാകുന്ന റാബീസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. 2016ൽ 150 സാമ്പിളുകൾ പരിശോധിച്ചതിൽ 48 എണ്ണമായിരുന്നു പോസിറ്റീവ്.

നായ്ക്കൾക്ക് പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും കൃത്യമായ ഇടവേളകളിൽ ബൂസ്റ്റർ ഡോസ് എടുക്കുകയും ചെയ്താൽ മാത്രമേ പേവിഷബാധ തടയൽ സാധ്യമാകൂ. മരിച്ച 20 പേരിൽ ആറുപേരും വളർത്തുനായ്ക്കളുടെ കടിയേറ്റവരാണ്. വളർത്തുമൃഗങ്ങളുടെ വാക്സിനേഷനിലെ അശ്രദ്ധയും അവയിൽ പേവിഷബാധയ്ക്ക് കാരണമായി. പേവിഷബാധയേറ്റ തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിച്ചാൽ മാത്രമേ മറ്റ് വളർത്തുമൃഗങ്ങളിലും വൈറസിനെ തടയാൻ കഴിയൂ.