മങ്കിപോക്സ് ; കേന്ദ്രസംഘം ഇന്ന് കണ്ണൂരിൽ
കണ്ണൂർ: മങ്കിപോക്സ് ബാധിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന യുവാവിനെ ചികിത്സിക്കുന്നത് അഞ്ചംഗ മെഡിക്കൽ ബോർഡ്. ഡെർമറ്റോളജി വിഭാഗം മേധാവിയും വൈസ് പ്രിൻസിപ്പലുമായ ഡോ.എസ്.രാജീവ്, ചെസ്റ്റ് ഡിസീസസ് വിഭാഗം മേധാവിയും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമായ ഡോ. ഡി.കെ. മനോജ്, മെഡിസിൻ വിഭാഗം മേധാവി ഡോ. ഡോ.കെ.സി.രഞ്ജിത്ത് കുമാർ, നോഡൽ ഓഫീസർ വി.കെ.പ്രമോദ്, ആർ.എം.ഒ ഡോ.എസ്.എം.സരിൻ എന്നിവരാണ് മെഡിക്കൽ സംഘത്തിലുള്ളത്.
രോഗിയുമായി സമ്പർക്കം പുലർത്തിയവരും നിരീക്ഷണത്തിലാണ്. 13ന് ദുബായിൽ നിന്നെത്തിയ പയ്യന്നൂർ സ്വദേശിയായ യുവാവിനാണ് വാനര വസൂരി സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് രണ്ടാമത്തെ വാനരവാസൂരി കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പുതിയ കേസുകൾ വന്നാൽ നേരിടാൻ മെഡിക്കൽ കോളേജ് ആശുപത്രിക്ക് പുറമേ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡും സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവിന്‍റെ നേതൃത്വത്തിൽ ചൊവ്വാഴ്ച പ്രത്യേക യോഗം ചേർന്നിരുന്നു.