Tuesday, December 17, 2024
LATEST NEWSTECHNOLOGY

സ്വതന്ത്ര സോഫ്റ്റ്‌വെയർ അല്ലാതെ പൊതുവിദ്യാലയങ്ങളിൽ ഉപയോഗിച്ചാൽ കർശന നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഒഴികെയുള്ള ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതുജനങ്ങൾക്കും സ്വതന്ത്ര സോഫ്റ്റ്‌വെയർ പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൈറ്റും ഡി.എ.കെ.എഫും ചേർന്ന് കൈറ്റ് വിക്ടേഴ്സ് വഴി സംഘടിപ്പിച്ച സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടു പതിറ്റാണ്ടായി നടന്നു വരുന്ന കേരളത്തിലെ ഐ.ടി. വിദ്യാഭ്യാസം മാതൃകയാകുന്നത് പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായതുകൊണ്ട് കൂടിയാണെന്നും തത്ഫലമായി 3000 കോടി രൂപ ലാഭിക്കാനായതും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ട കാര്യമാണെന്നും മന്ത്രി പറഞ്ഞു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം പോലെ തന്നെ പ്രധാനമാണ് ഇന്‍റർനെറ്റ് ഭരണവുമായി ബന്ധപ്പെട്ട സങ്കീർണമായ വിഷയങ്ങളെന്നും ഇതിന് സാമുദായിക പങ്കാളിത്തം ആവശ്യമാണെന്നും അമർനാഥ് രാജ മെമ്മോറിയൽ പ്രഭാഷണം നടത്തിയ ഐകാൻ ഉപദേശക സമിതി അംഗം സതീഷ് ബാബു പറഞ്ഞു.  കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് പദ്ധതി വിശദീകരിച്ചു. തുടർന്ന് സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും സ്വതന്ത്ര സോഫ്റ്റ്‌വെയർ മേഖലയിലെ 14 വിഷയങ്ങളിൽ വിദഗ്ധർ പ്രഭാഷണം നടത്തുകയും അത് തത്സമയം ലൈവായി പ്രദർശിപ്പിക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് പൊതുജനങ്ങൾക്കായി സ്വതന്ത്ര സോഫ്റ്റ് വെയർ ഇൻസ്റ്റോൾ ഫെസ്റ്റ് നടത്തി സോഫ്റ്റ് വെയർ ദിനാഘോഷത്തിന് തിരശ്ശീല വീണു.