മരണശേഷവും ഉപകാരപ്പെടട്ടെ; ശരീരം പഠനത്തിനായി നൽകാൻ ഒരുങ്ങി ദമ്പതികൾ
കോട്ടയ്ക്കൽ: അവയവദാന രംഗത്ത് മാതൃകയായി ദമ്പതികൾ. മരണശേഷം വൈദ്യരത്നം ആയുർവേദ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനായി തങ്ങളുടെ മൃതദേഹം വിട്ടുനൽകാൻ സമ്മതം നൽകിയിരിക്കുകയാണ് ഇവർ.
കോട്ടയ്ക്കൽ സ്വദേശികളായ സായികുമാർ, ഭാര്യ രമിഷ എന്നിവരാണ് രേഖകൾ കോളേജ് അധികൃതർക്ക് കൈമാറിയത്. ജില്ലയിലെ ആദ്യത്തെ പാസിങ് ഔട്ട് കഴിഞ്ഞ സിവിൽ ഡിഫൻസ് ദമ്പതിമാർകൂടിയാണിവർ.
തിരൂർ ഫയർ സ്റ്റേഷന് കീഴിലാണ് ഇവർ പ്രവർത്തിക്കുന്നത്. ശരീരം ദാനം ചെയ്യുന്നതിന് മുമ്പ് തന്നെ ഇരുവരും തങ്ങളുടെ കണ്ണ് ദാനം ചെയ്യാൻ കോഴിക്കോട് കോംട്രസ്റ്റ് ഐ ഹോസ്പിറ്റലിന് സമ്മതപത്രം കൈമാറിയിരുന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ജീവനക്കാരായ സായികുമാറും രമിഷയും പ്രളയകാലത്തും കൊവിഡ് കാലത്തും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്നിരുന്നു.