Saturday, January 18, 2025
LATEST NEWSPOSITIVE STORIES

സാധ്യമായിടത്തെല്ലാം ചെറുവനങ്ങള്‍ സൃഷ്ടിച്ച് മാത്യുക്കുട്ടി

പാലാ: പ്രകൃതി സംരക്ഷണത്തിന്റെ വേറിട്ട മാതൃക നൽകി സ്വന്തം പുരയിടത്തിലും പൊതുസ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും മരങ്ങൾ നട്ടുവളർത്തുന്ന റിട്ടയേർഡ് അധ്യാപകൻ. സാധ്യമായിടത്തെല്ലാം ചെറു വനങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് വലവൂർ തെരുവപ്പുഴ മാത്യുക്കുട്ടി. ജോലിയിൽ നിന്ന് വിരമിച്ച ശേഷമുള്ള സമയം ചെറു വനങ്ങൾ തീർക്കുന്നതിനായി നീക്കിവച്ചിരിക്കുകയാണ്.

അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വൃക്ഷത്തൈകൾ നട്ട് വളർത്തുന്നത് പതിവായിരുന്നു. അദ്ദേഹത്തിന്റെ പുരയിടവും കാടിന് സദൃശ്യമാണ്. ജാതി, ആഞ്ഞിലി, തേക്ക്, കുരുമുളക്, വിവിധതരം ഔഷധ വൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ സമൃദ്ധമായി വളരുന്ന ഈ ചെറിയ വനങ്ങളിൽ ധാരാളം പക്ഷികളും വസിക്കുന്നു. മാത്യുക്കുട്ടി വാങ്ങിയ ചെറിയ അളവിലുള്ള മറ്റ് സ്ഥലങ്ങളിലും മരങ്ങൾ നട്ട് വനങ്ങളാക്കി മാറ്റുകയാണ്. പരിസ്ഥിതിയോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹത്തിന് 37 വർഷത്തിലേറെ പഴക്കമുണ്ട്.

ജോലി ചെയ്തിരുന്ന സ്കൂളുകളുടെ പരിസരത്ത് അദ്ദേഹം നട്ട തൈകൾ വൻ മരങ്ങളായി മാറി. രണ്ടു വർഷം മുമ്പാണ് വിരമിച്ചത്. 1985-ൽ ചക്കാമ്പുയിൽ ‘വൃക്ഷബന്ധു സോഷ്യൽ ഫോറസ്ട്രി ക്ലബ്ബ്’ രൂപീകരിച്ചാണ് ഭൂമിയെ ഹരിതാഭമാക്കാനുള്ള ശ്രമങ്ങൾ മാത്യുക്കുട്ടി ആരംഭിച്ചത്.