മാരുതി സുസുക്കി പ്രീമിയം ക്രോസ്ഓവർ എസ്-ക്രോസ്സിന്റെ നിർമ്മാണം അവസാനിപ്പിച്ചു
മാരുതി സുസുക്കിയുടെ ആദ്യ പ്രീമിയം ക്രോസ്ഓവറായ എസ്-ക്രോസ് കമ്പനി നിർത്തലാക്കാൻ ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ഈ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചുകൊണ്ട്, മാരുതി സുസുക്കി എസ്-ക്രോസ് ക്രോസ്ഓവർ നിശബ്ദമായി നിർത്തിയതായാണ് സൂചന. കമ്പനിയുടെ ഔദ്യോഗിക നെക്സ വെബ്സൈറ്റിൽ നിന്ന് എസ്-ക്രോസ് നീക്കം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
ഇതോടെ മാരുതിയുടെ പ്രീമിയം വാഹന വിഭാഗമായ നെക്സയുടെ ശ്രേണിയിലെ കാറുകളുടെ എണ്ണം അഞ്ച് മോഡലുകളായി താഴ്ന്നു. ഇഗ്നിസ്, ബലേനോ, സിയാസ്, എക്സ്എൽ 6, അടുത്തിടെ പുറത്തിറക്കിയ ഗ്രാൻഡ് വിറ്റാര എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്-ക്രോസിന് പകരമായാണ് എത്തുന്നത്.