മാർക്ക് ബൗച്ചർ ഇനി മുംബൈ ഇന്ത്യൻസ് പരിശീലകൻ
മുൻ ദക്ഷിണാഫ്രിക്കൻ താരം മാർക്ക് ബൗച്ചറെ മുംബൈ ഇന്ത്യൻസിന്‍റെ പുതിയ പരിശീലകനായി നിയമിച്ചു. മുൻ പരിശീലകൻ മഹേല ജയവർധനെയ്ക്ക് പകരക്കാരനായാണ് ബൗച്ചറെ നിയമിച്ചത്. ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിന്‍റെ മുഖ്യപരിശീലക സ്ഥാനം ബൗച്ചർ അടുത്തിടെ രാജിവച്ചിരുന്നു.
മുംബൈ ഇന്ത്യൻസിൻ്റെയും ഫ്രാഞ്ചൈസിയുടെ യുഎഇ, ദക്ഷിണാഫ്രിക്ക ലീഗുകളിലെയും ടീമുകളുടെ ഹെഡ് ഓഫ് പെർഫോഫൻസ് ദൗത്യം ഏറ്റെടുക്കുന്നതോടെയാണ് ജയവർധനെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. 2017 മുതൽ ജയവർധനെ മുംബൈ ഇന്ത്യൻസിന്‍റെ പരിശീലകനാണ്. ജയവർധനെയുടെ കീഴിൽ മുംബൈ മൂന്ന് ഐപിഎൽ കിരീടങ്ങളും നേടി. ഈ വർഷം യുഎഇ ലീഗിലും ദക്ഷിണാഫ്രിക്കൻ ലീഗിലും ഫ്രാഞ്ചൈസി ടീമുകളെ വാങ്ങി. ജയവർധനെയ്ക്കായിരിക്കും ഇനി മൂന്ന് ടീമുകളുടെയും ചുമതല. മുംബൈ ഇന്ത്യൻസിലെ ഓപ്പറേഷൻസ് ഡയറക്ടർ സഹീർ ഖാനും സ്ഥാനമൊഴിഞ്ഞു. മൂന്ന് ഫ്രാഞ്ചൈസികളുടെയും ക്രിക്കറ്റ് വികസനത്തിന്‍റെ ആഗോള തലവനായി അദ്ദേഹം ഇനി സേവനമനുഷ്ഠിക്കും.