നീണ്ട 50 വർഷത്തെ ഇടവേളക്കു ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്
വാഷിംഗ്ടണ്‍: 50 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് ഒരു നീണ്ട കുതിച്ചുചാട്ടം നടത്താൻ തയ്യാറെടുക്കുകയാണ്. അത്യാധുനിക സംവിധാനങ്ങളോടെയാണ് നാസ ഇത്തവണ ചന്ദ്രനിലേക്ക് മനുഷ്യരെ അയയ്ക്കുന്നത്. 1972നു ശേഷം ഇതാദ്യമായാണ് മനുഷ്യൻ ചന്ദ്രനിലേക്ക് പറക്കുന്നത്. ഓഗസ്റ്റ് 29 ന് മുഴുവൻ പ്രക്രിയയും പൂർത്തിയാക്കി റോക്കറ്റ് ലോഞ്ച് ചെയ്യുമെന്നാണ് വിവരം. എന്നാൽ മനുഷ്യരെ അയയ്ക്കുന്നത് ഈ ദൗത്യത്തിലായിരിക്കില്ല.
ഈ ദൗത്യം വിജയകരമായി പൂർത്തിയാകുന്നതോടെ, മനുഷ്യൻ ചന്ദ്രനിലേക്ക് വീണ്ടും പറക്കാൻ തയ്യാറാകും. ലോഞ്ച് ചെയ്യുന്ന റോക്കറ്റുകള്‍ക്ക് കോടികളാണ് നാസ ചെലവിട്ടത്.
സ്പേസ് ലോഞ്ച് വെഹിക്കിൾ എന്ന എസ്എൽഎസിനാണ് ഇത്തവണ ചന്ദ്രനിലേക്ക് മനുഷ്യരെ എത്തിക്കുന്നതിന്റെ ഉത്തരവാദിത്തം. 17 വർഷമാണ് നാസ ഇതിനായി ചെലവഴിച്ചത്. മാത്രമല്ല, ഈ എസ്എൽഎസ് വികസിപ്പിക്കാൻ ഏകദേശം 50 ബില്യൺ ഡോളർ ഇതുവരെ ചിലവായി എന്നാണ് കണക്ക് . സ്റ്റാച്യു ഓഫ് ലിബർട്ടിയെക്കാൾ വലുപ്പമുണ്ടായിരിക്കും എസ്എൽഎസ് റോക്കറ്റിന്. നാല് കാർ വലുപ്പത്തിലുള്ള എഞ്ചിനുകളും രണ്ട് റോക്കറ്റ് ബൂസ്‌റ്റേഴ്‌സും ഓറിയോണിന് കരുത്തേകും. മനുഷ്യർ ഇതുവരെ പറത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ബഹിരാകാശ പേടകമാണിത്.