Wednesday, December 25, 2024
LATEST NEWSTECHNOLOGY

5 ഫോണില്‍ മാല്‍വെയര്‍ ; പെഗാസസ് ആണെന്നതിന് തെളിവില്ലെന്ന് സുപ്രീംകോടതി സമിതി

ന്യൂഡൽഹി: പെഗാസസ് കേസുമായി ബന്ധപ്പെട്ട് പരിശോധിച്ച അഞ്ച് ഫോണുകളിൽ മാൽവെയർ കണ്ടെത്തിയതായി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. എന്നാൽ ഇത് പെഗാസസ് സ്പൈവെയർ ആണെന്നതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പരിശോധിച്ച 29 ഫോണുകളിൽ അഞ്ചെണ്ണത്തിൽ മാൽവെയർ കണ്ടെത്തി. അതേസമയം, അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരസ്യപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരിശോധിക്കാൻ ഫോൺ നൽകിയ വ്യക്തികളുടെ സ്വകാര്യത ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് പരസ്യപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി നിലപാടെടുത്തത്.

പെഗാസസ് ഫോൺ ചോർത്തൽ കണ്ടെത്താൻ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച ഹർജികൾ പരിഗണിച്ചത്. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ എന്നിവരുൾപ്പെടെ 12 പേരുടെ ഹർജികളാണ് പരിഗണനയിലുള്ളത്. ഒക്ടോബർ 27ന് സൈബർ വിദഗ്ധർ ഉൾപ്പെടുന്ന സമിതിയെ നിയോഗിച്ച സുപ്രീം കോടതി പിന്നീട് വിഷയം പരിഗണിച്ചിരുന്നില്ല. അന്തിമ റിപ്പോർട്ടിന് കൂടുതൽ സമയം ആവശ്യപ്പെട്ട സമിതി കഴിഞ്ഞ ദിവസം രഹസ്യ രേഖയായി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. പെഗാസസ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കേന്ദ്ര സർക്കാർ സഹകരിച്ചില്ലെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു.