മരടിലെ ചതുപ്പുനിലം പൂപ്പാടമാക്കി മഹേഷ്
മരട്: കാർഷിക-നഗര മൊത്തവ്യാപാര വിപണിയിലെ ചതുപ്പുനിലം ഇപ്പോൾ ഒരു പൂപ്പാടമാണ്. കന്യാകുമാരി സ്വദേശിയായ മഹേഷിന്‍റെ കഠിനാധ്വാനമാണ് കണ്ണിന് കുളിർമയേകുന്ന മനോഹര കാഴ്ചയൊരുക്കിയത്. മാർക്കറ്റ് അതോറിറ്റിയുടെ ഭൂമി പാട്ടത്തിനെടുത്താണ് മഹേഷിന്‍റെ പൂ കൃഷി. പൂക്കൾ കാണാനും ഫോട്ടോ എടുക്കാനും നിരവധി ആളുകളാണ് എത്തുന്നത്. പ്രധാന ഓണപ്പൂ വിപണികളായ തൃപ്പൂണിത്തുറയിലും അരൂരിലും മരടിൽ നിന്ന് ദിവസേന 50 കിലോ ചെണ്ടുമല്ലിയാണ് എത്തുന്നത്. ഛത്തീസ്ഗഡിൽ നിന്നെത്തിച്ച മെറി ഗോൾഡ് ഇനത്തിൽ പെട്ട ഉന്നത നിലവാരമുള്ള വിത്തുകൾ ജൂണിലാണ് 50 സെന്റിൽ വിതച്ചത്. ചോളം, തക്കാളി തുടങ്ങിയവും ഇടവിളയായി കൃഷി ചെയ്യുന്നുണ്ട്. മരട് കൃഷിഭവന്‍റെ സഹായവും മഹേഷിന് ഉണ്ടായിരുന്നു.
മഴയെ മാത്രം ആശ്രയിച്ച കൃഷി പ്രതീക്ഷയ്ക്കൊത്ത് ഉയർന്നതിന്‍റെ സന്തോഷത്തിലാണ് മാർക്കറ്റ് അതോറിറ്റി സെക്രട്ടറി ടി ചിത്രയും അസിസ്റ്റന്‍റ് സെക്രട്ടറി ചിത്ര കെ പിള്ളയും. വിജയം മഹേഷിന് മാത്രം അവകാശപ്പെട്ടതാണെന്നാണ് അവർ പറയുന്നത്. ചതുപ്പുനിലത്ത് കൃഷിചെയ്യാൻ നിരവധി പേരെ സമീപിച്ചെങ്കിലും കെട്ടിട അവശിഷ്ടവും ചതുപ്പും നിറഞ്ഞ സ്ഥലം പരിശോധിച്ചവർ പിൻവാങ്ങി. സംഭവമറിഞ്ഞാണ് ചേപ്പനത്തെ ചതുപ്പിൽ കൃഷിയിറക്കി വിജയിച്ച മഹേഷ് എത്തിയത്. കൃഷി വിജയമായതോടെ പൂ കൃഷിക്കൊപ്പം പച്ചക്കറി കൃഷിയും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മഹേഷ്. നഗരസഭാ ചെയർമാൻ ആന്‍റണി ആശാൻപറമ്പിലിന്‍റെ നേതൃത്വത്തിൽ പൂപ്പാടം സന്ദർശിച്ച കൗൺസിലർമാരും ഉദ്യോഗസ്ഥരും മഹേഷിനെ അഭിനന്ദിച്ചു.