Sunday, December 22, 2024
LATEST NEWSPOSITIVE STORIES

പൊളിച്ചുപണിയുന്നതുവരെ സർക്കാർ സ്‌കൂളിന് ആശ്രയമായി മദ്രസ

കൊണ്ടോട്ടി: പുതിയ കെട്ടിടം പണിയുന്നതുവരെ സർക്കാർ സ്കൂൾ പ്രവർത്തിക്കുന്നതിന് മദ്രസയിൽ സൗകര്യമൊരുക്കി ഖാസിയാരകം മഹല്ല് കമ്മിറ്റി. കാഞ്ഞിരത്തിങ്കൽ ജി.എം.എൽ.പി. സ്‌കൂളിനാണ് മഹല്ല് കമ്മിറ്റി അവരുടെ മഹ്ദനുൽ ഉലൂം മദ്രസയിൽ അഭയം നൽകിയത്.

150 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ ഏഴ് ഡിവിഷനും മദ്രസയിൽ ക്ലാസ് മുറികൾ ഒരുക്കിയിട്ടുണ്ട്. കമ്മിറ്റി വെള്ളവും ശൗചാലയങ്ങളും തയ്യാറാക്കിയിരുന്നു. തിങ്കളാഴ്ചയാണ് സ്കൂൾ മദ്രസയിൽ പ്രവർത്തനം ആരംഭിച്ചത്. നിലവിലുള്ള കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയാൻ തീരുമാനിച്ചതു മുതൽ കാഞ്ഞിരത്തിങ്കൽ ജി.എം.എൽ.പി. സ്‌കൂളിലെ അധ്യാപകർക്കും പി.ടി.എ.ക്കും ആധിയായിരുന്നു.

സ്കൂൾ പ്രവർത്തിപ്പിക്കാൻ ഒരു പുതിയ കെട്ടിടം കണ്ടെത്തുക എന്നതായിരുന്നു വെല്ലുവിളി. കെട്ടിടത്തിന്‍റെ സൗകര്യത്തിനായി സമീപിച്ചവരെല്ലാം ഉപേക്ഷിച്ചു. സർക്കാർ സ്കൂളിന് അഭയം നൽകിയാൽ പിന്നീട് പുലിവാലായാലോ എന്നു കരുതിയാണ് പലരും ഉപേക്ഷിച്ചത്. സംഭവം നാട്ടിൽ ചർച്ചയായപ്പോഴാണ് കസിയാരകം മഹല്ല് കമ്മിറ്റി സ്കൂൾ ഏറ്റെടുത്തത്.