‘ഏഷ്യന്‍ സ്പ്രിന്റ് റാണി’ എന്നറിയപ്പെട്ട ലിഡിയ ഡി വേഗ അന്തരിച്ചു
മനില: ഏഷ്യന്‍ സ്പ്രിന്റ് റാണി എന്നറിയപ്പെട്ട പ്രശസ്ത കായികതാരം ലിഡിയ ഡി വേഗ അന്തരിച്ചു. 57 വയസ്സായിരുന്നു. ഫിലിപ്പീൻസിന്‍റെ അഭിമാനതാരമായിരുന്നു. 1980 കളിൽ ഏഷ്യയിലെ ഏറ്റവും വേഗമേറിയ വനിതാ അത്ലറ്റായിരുന്ന ലിഡിയ കാൻസർ ബാധിച്ച് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
100 മീറ്ററിലും 200 മീറ്ററിലും നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. സുവർണ കാലഘട്ടത്തിൽ പി.ടി ഉഷയുടെ പ്രധാന എതിരാളിയായിരുന്നു ലിഡിയ. ലിഡിയയും ഉഷയും തമ്മിലുള്ള വേഗമേറിയ പോരാട്ടം 1980 കളിൽ അത്ലറ്റിക്സ് വേദികളെ ആവേശം കൊള്ളിച്ചു. 100 മീറ്ററിൽ 11.28 സെക്കൻഡാണ് താരത്തിൻ്റെ ഏറ്റവും മികച്ച സമയം. 200 മീറ്ററിൽ ഇത് 23.35 സെക്കൻഡാണ്.
ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പുകളില്‍ നാല് സ്വർണ്ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും നേടിയ ലിഡിയ ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണ്ണവും ഒരു വെള്ളിയും നേടി. ദക്ഷിണേഷ്യൻ ഗെയിംസിലും അവർ തന്‍റെ സാന്നിധ്യം അറിയിക്കുകയും ഒമ്പത് സ്വർണ്ണവും രണ്ട് വെള്ളി മെഡലുകളും നേടുകയും ചെയ്തു.