Friday, January 17, 2025
GULFLATEST NEWSSPORTS

ലുസൈല്‍ സൂപ്പര്‍ കപ്പ് ടിക്കറ്റ് വില്‍പന 48 മണിക്കൂർ കൂടി മാത്രം

ദോഹ: ലുസൈൽ സൂപ്പർ കപ്പിനുള്ള ടിക്കറ്റ് വിൽപ്പന അടുത്ത 48 മണിക്കൂറിനുള്ളിൽ അവസാനിക്കുമെന്ന് ഖത്തർ ഫിഫ ലോകകപ്പ് സിഇഒ നാസർ അൽ ഖാതര്‍ അറിയിച്ചു. വിൽപ്പനയുടെ ആദ്യ മണിക്കൂറിൽ 8,000 ടിക്കറ്റുകൾ വിറ്റഴിച്ചതായും ഇന്നലെ (ഓഗസ്റ്റ് 24) വരെ 60,000 ടിക്കറ്റുകൾ വിറ്റഴിച്ചതായും ഖത്തർ വാർത്താ ഏജൻസിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ശേഷിക്കുന്ന ടിക്കറ്റുകൾ അടുത്ത 48 മണിക്കൂറിനുള്ളിൽ വിറ്റുതീരുമെന്നും അദ്ദേഹം പറഞ്ഞു. 80,000 ആരാധകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന മത്സരത്തില്‍ ഈജിപ്ത്, സൗദി ലീഗ് ചാമ്പ്യന്മാര്‍ തമ്മിലാണ് പോരാട്ടം. ലുസൈൽ സൂപ്പർ കപ്പ് റിഹേഴ്സൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൂപ്പർ താരം അംര്‍ ദിയാബിന്റെ സംഗീത പരിപാടിയും മത്സരത്തോടൊപ്പമുണ്ടാകും. അതേസമയം, സ്റ്റേഡിയത്തിലെത്താൻ ആഗ്രഹിക്കുന്ന ആരാധകർക്കായി ബസുകളിലും ഹയ്യ കാർഡ് ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.