Friday, January 17, 2025
LATEST NEWSSPORTS

ദേശീയ ഗെയിംസിനുള്ള കേരള ടീമുകളുടെ പട്ടിക സമർപ്പിച്ചു

കോട്ടയം: ഗുജറാത്തിൽ അടുത്ത മാസം ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ ഹോക്കി, ഷൂട്ടിംഗ്, ടേബിൾ ടെന്നീസ് എന്നിവയിൽ കേരളത്തിന് പ്രാതിനിധ്യമില്ല. ആകെയുള്ള 36 കായിക ഇനങ്ങളിൽ 26 എണ്ണത്തിൽ മാത്രമാണ് കേരള താരങ്ങൾ പങ്കെടുക്കുന്നത്. ദേശീയ ചാമ്പ്യൻഷിപ്പിലെ ആദ്യ 8 സ്ഥാനങ്ങൾ നേടിയവർക്ക് മാത്രമേ ടീം ഇനങ്ങളിൽ പങ്കെടുക്കാൻ അർഹതയുള്ളൂ. വ്യക്തിഗത ഇനങ്ങളിൽ ദേശീയ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ളവർക്ക് മാത്രമാണ് പ്രവേശനം. ദേശീയ തലത്തിലെ മോശം പ്രകടനം കാരണം ഹോക്കി ഉൾപ്പെടെ 10 ഇനങ്ങളിൽ കേരളത്തിന് അവസരം നഷ്ടമായി.

അത്ലറ്റിക്സ് ഒഴികെയുള്ള ഇനങ്ങളിലെ കേരള താരങ്ങളുടെ പട്ടിക കേരള ഒളിമ്പിക് അസോസിയേഷൻ (കെഒഎ) ബുധനാഴ്ച സമർപ്പിച്ചു. അത്ലറ്റിക്സ് എൻട്രികൾക്കുള്ള സമയപരിധി മത്സരങ്ങൾ സംബന്ധിച്ച ആശയക്കുഴപ്പം കാരണം നീട്ടി. ടീം സെലക്ഷനുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്ന വോളിബോളിൽ സംസ്ഥാന അസോസിയേഷന്റെ ടീമിന് കെഒഎ അനുമതി നൽകി. ഇതോടെ സ്പോർട്സ് കൗൺസിൽ നടത്തിയ വോളിബോൾ ടീമിന്‍റെ തിരഞ്ഞെടുപ്പും പരിശീലന ക്യാമ്പും പാഴായി.