Tuesday, December 17, 2024
LATEST NEWSPOSITIVE STORIES

ജീവിതം വീൽചെയറിൽ; മനക്കരുത്തില്‍ സന്തോഷ് പടുത്തുയർത്തിയത് മൂന്ന് വ്യാപാരസ്ഥാപനങ്ങള്‍

ഇരിട്ടി: വീൽചെയറിൽ ഇരുന്ന് മധുര പലഹാരങ്ങൾ തയ്യാറാക്കുകയാണ് ജെപി സന്തോഷ്. അരയ്ക്ക് താഴെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ട തില്ലങ്കേരി ഇയ്യമ്പോട്ട് സത്യാ നിവാസിൽ സന്തോഷ് എന്ന നാൽപ്പത്തിയൊന്നുകാരൻ മൂന്ന് ബിസിനസുകളാണ് നടത്തുന്നത്. ഇയ്യമ്പോട്, ഉളിയില്‍, തൃക്കടാരിപൊയില്‍ എന്നിവിടങ്ങില്‍ പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ ബേക്കറി സന്തോഷിന്റെ മനക്കരുത്തിന്റെ അടയാളമാണ്. ഈ സ്ഥാപനങ്ങളെല്ലാം സന്തോഷ് നിയന്ത്രിക്കുന്നത് വീൽ ചെയറിലിരുന്നാണ്. സന്തോഷിന്റെ ജീവിതം മാറ്റിമറിച്ചത് ഒരു വാഹനാപകടമായിരുന്നു.

ബിരുദ പഠനത്തിന് ശേഷം സന്തോഷ് ഹോട്ടൽ മാനേജ്മെന്‍റ് കോഴ്സ് പൂർത്തിയാക്കി. എറണാകുളത്തെ ഒരു ഹോട്ടലിൽ ജോലി കിട്ടി. മൂവാറ്റുപുഴയിലെ ഹോട്ടൽ മാനേജരുടെ വീട്ടിലേക്ക് വിവാഹത്തിന് പോകാൻ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോഴാണ് സന്തോഷിന്റെ ജീവിതം മാറിമറിഞ്ഞത്. നിയന്ത്രണം വിട്ട ലോറി സന്തോഷ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ് നട്ടെല്ല് ഒടിഞ്ഞു. വലിയ ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടും, അരയ്ക്ക് താഴെയുള്ള ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ടു. ശരീരത്തിന്റെ കരുത്ത് നഷ്ടമായെങ്കിലും മനക്കരുത്ത് കൊണ്ട് സന്തോഷ് മുന്നേറി. തോൽക്കാൻ മനസ്സില്ലാതിരുന്ന സന്തോഷ് ഇന്ന് അനേകം പേർക്ക് പ്രചോദനമാണ്.