Wednesday, January 22, 2025
LATEST NEWSSPORTS

കളിക്കാനുള്ള അവസരങ്ങൾ കുറവായതിനാൽ അർജുൻ മുംബൈ വിടുന്നു

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയോട് വിടപറഞ്ഞേക്കും. അയൽ സംസ്ഥാനമായ ഗോവയ്ക്ക് വേണ്ടി ആഭ്യന്തര ടൂർണമെന്‍റിൽ കളിക്കാനാണ് അർജുന്‍റെ നീക്കം. വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

22 കാരനായ അർജുൻ ഇടംകൈയ്യൻ പേസ് ബൗളറാണ്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ ഭാഗമായിട്ടും അർജുന് ഇതുവരെ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയെ പ്രതിനിധീകരിച്ച അർജുൻ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രണ്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നിരുന്നാലും, താരസമ്പന്നമായ മുംബൈ ടീമിൽ സ്ഥിരം സ്ഥാനം കണ്ടെത്താൻ അർജുന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് താരം ഗോവയിലേക്ക് പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ എൻഒസിക്ക് അർജുൻ അപേക്ഷ നൽകിയിട്ടുണ്ട്.

ഗോവയിലേക്ക് മാറുന്ന അർജുൻ പ്രീ സീസൺ ട്രയൽ മത്സരങ്ങളിൽ കളിക്കുമെന്ന് ഗോവയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ ട്രയൽ മത്സരങ്ങളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ അർജുനെ ആഭ്യന്തര സീസണിലേക്കുള്ള ഗോവ ടീമിലേക്ക് പരിഗണിക്കൂ.