ചന്ദ്രനില്‍ വന്‍തോതില്‍ സോഡിയം; കണ്ടെത്തലുമായി ചന്ദ്രയാന്‍ -2
ഐഎസ്ആർഒയുടെ ചന്ദ്രയാൻ -2 ചന്ദ്രനിൽ വലിയ അളവിൽ സോഡിയം ഉണ്ടെന്ന് കണ്ടെത്തി. ചന്ദ്രയാൻ -2 ഓർബിറ്ററിന്‍റെ എക്സ്-റേ സ്പെക്ട്രോമീറ്ററായ ക്ലാസ് ഉപയോഗിച്ചാണ് കണ്ടെത്തൽ. ഇതാദ്യമായാണ് ഇത്തരമൊരു കണ്ടെത്തൽ നടക്കുന്നതെന്ന് ഐഎസ്ആർഒ പറഞ്ഞു.
നേരത്തെ, ചന്ദ്രയാൻ -1 ന്‍റെ എക്സ്-റേ-ഫ്ലൂറസെൻസ് സ്പെക്ട്രോമീറ്റർ ചന്ദ്രനിൽ സോഡിയത്തിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. ഇത് കൂടുതൽ അളവ് കണ്ടെത്തുന്നതിനുള്ള സാധ്യത തുറന്നിട്ടിരുന്നു.
അടുത്തിടെ പ്രസിദ്ധീകരിച്ച ‘ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിൽ’ ആണ് സോഡിയം നിക്ഷേപങ്ങൾ കണ്ടെത്തിയതായി ഐഎസ്ആർഒ അറിയിച്ചത്. യുആർ റാവു സാറ്റലൈറ്റ് സെന്‍ററിൽ നിർമ്മിച്ച ‘ക്ലാസ്’ ചന്ദ്രനിലെ സോഡിയം നിക്ഷേപങ്ങളുടെ സാന്നിധ്യത്തിന്‍റെ വ്യക്തമായ തെളിവുകൾ നൽകുന്നു. ഈ മേഖലയിലെ തുടർപഠനങ്ങൾക്ക് ഈ കണ്ടെത്തൽ സഹായകമാകുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.