Thursday, November 21, 2024
HEALTHLATEST NEWS

അവയവമാറ്റത്തിന് ലോകനിലവാരത്തിൽ സർക്കാർ ആശുപത്രി കോ​ഴി​ക്കോ​ട്‌ ഒരുങ്ങുന്നു

കോ​ഴി​ക്കോ​ട്‌: ലോകോത്തര നിലവാരത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള അവയവമാറ്റ ആശുപത്രി കോഴിക്കോട് സ്ഥാപിക്കുന്നു. കോഴിക്കോട് ചേവായൂർ ത്വ​ഗ്‌​രോ​ഗാ​ശു​പ​ത്രി കാമ്പസിലെ 20 ഏക്കർ സ്ഥലത്ത് 500 കോടി രൂപ ചെലവിൽ ആശുപത്രി നിർമ്മിക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് സർക്കാരിന്റെ ഉടമസ്ഥതയിൽ ഇത്തരമൊരു ആശുപത്രി സ്ഥാപിക്കുന്നത്. ഈ രംഗത്ത് ലോകത്തിലെ നാലാമത്തെ ആശുപത്രിയായിരിക്കും ഇത്. യുഎസിലെ മിയാമി ട്രാൻസ്പ്ലാന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മാതൃകയിലായിരിക്കും ആശുപത്രി പ്രവർത്തിക്കുക.

അവയവമാറ്റ പഠനത്തിലും പരിശീലനത്തിലും കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കും. 150 സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, 800 നഴ്സിംഗ്, ടെക്നിക്കൽ സ്റ്റാഫ്, 22 സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകൾ എന്നിവ പരിഗണനയിലുണ്ട്. 500 കിടക്കകൾ, പരിശീലന കേന്ദ്രം, ഗവേഷണ കേന്ദ്രം എന്നിവയ്ക്കൊപ്പം എയർ ആംബുലൻസ്, ഹെലിപാഡ് സൗകര്യം എന്നിവയുമുണ്ടാകും. ചികിത്സ, അവയവം മാറ്റിവയ്ക്കൽ, അധ്യാപനം, പരിശീലനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ആശുപത്രി പ്രവർത്തിക്കുക.

ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് ഫെലോഷിപ്പുകൾ ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. ഹൃ​ദ​യം, ശ്വാ​സ​കോ​ശം, വൃ​ക്ക, ക​ര​ൾ, കോ​ർ​ണി​യ, മ​ജ്ജ, കൈ​കാ​ൽ, മു​ഖം, തൊ​ലി, പേ​ശി, പാ​ൻ​ക്രി​യാ​സ്‌, കു​ട​ൽ തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ൾ മാ​റ്റി​വെ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും.