Sunday, December 22, 2024
LATEST NEWSSPORTS

മലയാളി യുവതാരം ക്രിസ്റ്റി ഡേവിസ് ഇനി ഐ ലീഗിൽ; മൊഹമ്മദൻസ് സ്വന്തമാക്കി

മലയാളി യുവതാരം ക്രിസ്റ്റി ഡേവിസ് ഇനി ഐ ലീഗിൽ കളിക്കും. ഐ-ലീഗ് ക്ലബ്ബായ മൊഹമ്മദൻസാണ് ക്രിസ്റ്റിയെ സ്വന്തമാക്കിയത്. ക്രിസ്റ്റി മുഹമ്മദൻസുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ഐ ലീഗ് കിരീടം ലക്ഷ്യമിടുന്ന മൊഹമ്മദൻസ് മികച്ച ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായാണ് ക്രിസ്റ്റിയെ ടീമിലെത്തിച്ചത്.

എഫ് സി ഗോവയുടെ നിരയിൽ അംഗമായിരുന്ന മലയാളി താരം ക്രിസ്റ്റി ഡേവിസ് കഴിഞ്ഞ മാസമാണ് ഗോവ വിട്ടത്. ക്രിസ്റ്റി 2019 മുതൽ എഫ് സി ഗോവയ്ക്കൊപ്പമാണ്. കഴിഞ്ഞ ഡ്യൂറണ്ട് കപ്പിൽ ഗോവയുടെ യാത്രയിൽ നിർണായക പങ്കുവഹിച്ച താരമാണ് ക്രിസ്റ്റി.

നേരത്തെ സന്തോഷ് ട്രോഫിയിൽ കേരള ടീമിന്‍റെ ഭാഗമായിരുന്നു ക്രിസ്റ്റി ഡേവിസ്. കേരളത്തിലെ ഏറ്റവും മികച്ച യുവപ്രതിഭകളിൽ ഒരാളായാണ് ക്രിസ്റ്റിയെ കണക്കാക്കുന്നത്. ചാലക്കുടി സ്വദേശിയായ ക്രിസ്റ്റി കേരളവർമ്മ കോളേജിനായി നടത്തിയ പ്രകടനത്തിലൂടെയാണ് ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. 2019 ലെ ഗോൾ ടൂർണമെന്‍റിൽ കേരള വർമ്മയ്ക്ക് വേണ്ടി കളിച്ച ക്രിസ്റ്റി ആ ടൂർണമെന്‍റിലെ ടോപ് സ്കോററും മികച്ച കളിക്കാരനുമായിരുന്നു.