Thursday, January 23, 2025
HEALTHLATEST NEWS

കോവിഡ് മരണങ്ങള്‍ കേരളം അറിയിക്കുന്നത് വൈകിയെന്ന് കേന്ദ്രം

തിരുവനന്തപുരം: കൊവിഡ് മരണങ്ങൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യുന്നതിൽ കേരളം ഗുരുതര വീഴ്ച വരുത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് മരണങ്ങൾ ദിവസേന കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സംവിധാനം സംസ്ഥാനം അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും കാണിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു.

കേരളത്തിൽ കൊവിഡ് മരണങ്ങൾ താമസിച്ച് റിപ്പോർട്ട് ചെയ്യുന്നത് രാജ്യത്ത് മരണങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നുവെന്ന തെറ്റായ ചിത്രം സൃഷ്ടിക്കുകയാണെന്നും കത്തിൽ പറയുന്നു. നിശ്ചിത കാലയളവിൽ കോവിഡായി സ്ഥിരീകരിക്കുന്ന മരണങ്ങളെല്ലാം ഒരു ദിവസം ഒറ്റയടിക്ക് റിപ്പോർട്ടു ചെയ്യുന്നതും മരണങ്ങൾ റിപ്പോർട്ടു ചെയ്യാൻ കേരളം കാലതാമസമെടുക്കുന്നതും രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും കത്തിൽ പറയുന്നു.

ഏതാനും മാസങ്ങൾക്ക് മുമ്പ് ഇതേ വിഷയത്തിൽ അയച്ച കത്തിൻ മേൽ നടപടിയെടുക്കാത്തതിനെ തുടർന്നാണ് വീണ്ടും കത്തയച്ചത്. ജൂലൈയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത 441 കൊവിഡ് മരണങ്ങളിൽ 117 എണ്ണം കോവിഡ് ആണെന്ന് മരണ ദിവസം സ്ഥിരീകരിക്കാതെ പിന്നീട് കേരളം സ്ഥിരീകരിച്ചവയാണ്.