Tuesday, April 1, 2025
LATEST NEWS

വ്യവസായ സൗഹൃദം സൂചികയിൽ കേരളത്തിന് മുന്നേറ്റം

തിരുവനന്തപുരം: ബിസിനസ് സൗഹൃദ സൂചിക അടിസ്ഥാനമാക്കിയുളള 2020 ലെ പട്ടികയിൽ കേരളം 15-ാം സ്ഥാനത്ത്. രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് പട്ടിക. 2019ൽ കേരളം 28-ാം സ്ഥാനത്തായിരുന്നു. അടുത്ത വർഷത്തോടെ ആദ്യ പത്തിൽ എത്താനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

ടോപ്പ് അച്ചീവർ, അച്ചീവർ, ആസ്പയർ, എമർജിംഗ് ബിസിനസ് ഇക്കോസിസ്റ്റം എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചാണ് കേന്ദ്ര സർക്കാരിന്‍റെ ബിസിനസ് സൗഹൃദ പട്ടിക. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഹരിയാന, കർണാടക, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ഇതിൽ ഏറ്റവും മുന്നിൽ. ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് നേട്ടം കൈവരിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുന്നത്. അസം, ഛത്തീസ്ഗഢ്, ഗോവ, ജാർഖണ്ഡ്, കേരളം, രാജസ്ഥാൻ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് ആസ്പയർ വിഭാഗത്തിലുള്ളത്.

ആൻഡമാൻ നിക്കോബാർ, ബീഹാർ, ചണ്ഡിഗഡ്, ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ് നഗർ ഹവേലി, ഡൽഹി, ജമ്മു കശ്മീർ, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, പുതുച്ചേരി, ത്രിപുര എന്നിവയാണ് ഉയർന്നുവരുന്ന ബിസിനസ് ഇക്കോസിസ്റ്റം വിഭാഗത്തിലുള്ളത്.